കൊച്ചി : കളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഓക്‌സിജന്‍ ലഭിക്കാതെ കൊവിഡ് രോഗി മരിച്ച സംഭവത്തില്‍ പോലീസിന്റെ പ്രാഥമിക അന്വേഷണം പൂര്‍ത്തിയായി. രണ്ട് ദിവസത്തിനുള്ളില്‍ അന്വേഷണ റിപ്പോര്‍ട്ട് സിറ്റി പോലീസ് കമ്മീഷണര്‍ക്ക് കൈമാറും. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും കേസെടുക്കുന്ന കാര്യത്തില്‍ തീരുമാനമുണ്ടാകുക.
കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ നഴ്‌സിംഗ് ഓഫീസര്‍ ജലജാ ദേവിയുടെ ശബ്ദ സന്ദേശം പുറത്തുവന്നതോടെയാണ് സംഭവം പുറംലോകമറിയുന്നത്. കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഫോര്‍ട്ട് കൊച്ചി സ്വദേശി ഹാരിസ് മരിച്ചത് ഓക്‌സിജന്‍ ലഭിക്കാതെയാണെന്ന് വ്യക്തമാക്കുന്ന ശബ്ദസന്ദേശത്തില്‍ മറ്റ് ചികിത്സാ പിഴവുകളും ചൂണ്ടിക്കാട്ടിയിരുന്നു. സംഭവം വിവാദമായതോടെ അന്വേഷണത്തിന് ആരോഗ്യമന്ത്രി കെ. കെ ശൈലജ ഉത്തരവിട്ടു. ഹാരിസ് മരിക്കുമ്പോള്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍ ഉള്‍പ്പെടെയുള്ളവരുടെ മൊഴിയെടുത്തിരുന്നു.