പത്തനംതിട്ട: കലഞ്ഞൂരില്‍ പുതിയ പാറമടക്കുള്ള സര്‍ക്കാരിന്റെ ശ്രമം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ഡി.സി.സി പ്രസിഡന്റ് ബാബു ജോര്‍ജ്ജ് ആരോപിച്ചു. പാറമടക്ക് എതിരെ കത്തുകൊടുക്കുന്ന കോന്നി എം.എല്‍.എ എന്തുകൊണ്ട് മുഖ്യമന്ത്രിയോടു പറയാന്‍ മടിക്കുന്നു എന്നും അദ്ദേഹം ചോദിച്ചു. ഇരയുടേയും വേട്ടക്കാരന്റേയും ഒപ്പം നില്‍ക്കുന്ന എം.എല്‍.എയുടെ സമീപനം ജനം തിരിച്ചറിഞ്ഞതായും ബാബു ജോര്‍ജ്ജ് പറഞ്ഞു.
കലഞ്ഞൂര്‍ പഞ്ചായത്തും സര്‍വ്വകക്ഷിയോഗവും സാമൂഹ്യ സാംസ്‌കാരിക സംഘടനകളും കലഞ്ഞൂരിലെ പൊതുസമൂഹവും ഇനിയും പുതിയ പാറമട ആരംഭിക്കരുത് എന്ന് ആവശ്യപ്പെടുമ്പോള്‍ അദാനിക്കായി പബ്ലിക്ക് ഹിയറിംഗ് നടത്താന്‍ സര്‍ക്കാര്‍ തയ്യാറായതിന്റെ പിന്നിലുള്ള ദുരൂഹത അന്വേഷിക്കണം. ഭരണ കക്ഷിയിലെ പ്രമുഖന്റെ മകനുമായി ബന്ധപ്പെട്ട് പത്തനംതിട്ടയില്‍ ഇ.ഡി എത്തിയത് കലഞ്ഞൂരിലെ പാറമടകളിലുള്ള ബിനാമി ഏര്‍പ്പാടിനെക്കുറിച്ച് അന്വേഷിക്കാനാണെന്ന് ഡി.സി.സി പ്രസിഡന്റ് ആരോപിച്ചു.
കഴിഞ്ഞദിവസം മലിനീകരണ നിയന്ത്രണ ബോര്‍ഡ് നടത്തിയ പൊതുതെളിവെടുപ്പില്‍ പാറമടക്ക് എതിരെ മൊഴികൊടുക്കാന്‍ എത്തിയ കൂടല്‍ സ്വദേശിയായ യുവാവിനെ മര്‍ദ്ദിച്ച കോന്നി പോലീസ് മനപ്പൂര്‍വ്വം പ്രകോപനം സൃഷ്ടിക്കാന്‍ ശ്രമിക്കുകയായിരുന്നു. പ്രശ്‌നമുണ്ടാക്കാന്‍ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്റ് ചെയ്ത് അന്വേഷണം നടത്തി ശിക്ഷണ നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രദേശവാസികളുടെ പേരില്‍ കള്ളക്കേസ് എടുത്ത് അദാനിയെ സഹായിക്കുന്ന നിലപാട് സര്‍ക്കാരും പോലീസും തുടര്‍ന്നാല്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി കലഞ്ഞൂരിലെ പാറമട സമരം ഏറ്റെടുക്കുമെന്നും ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ബാബു ജോര്‍ജ്ജ് പറഞ്ഞു.