കലഞ്ഞൂർ : ഹയർസെക്കൻഡറി വരെയുള്ള വിദ്യാർഥികൾക്ക് അവരുടെ അഭിരുചിക്കും വൈദഗ്ധ്യത്തിനും അനുസരിച്ച് തൊഴിൽ മേഖലകൾ തിരഞ്ഞെടുക്കുവാൻ പ്രാപ്തരാക്കുന്നതിന് കലഞ്ഞൂർ ഗവ. മോഡൽ ഹയർ സെക്കൻഡറി സ്‌കൂളിൽ സ്‌കിൽ സ്‌കിൽ ഡെവലപ്മെന്റ് സെന്റർ തുടങ്ങി തുടങ്ങി. സ്റ്റാർസ് പദ്ധതിയുടെ ഭാഗമായി പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിലാണ് പദ്ധതി ആരംഭിച്ചിട്ടുള്ളത്. 15 മുതൽ 23 വയസ്സു വരെയുള്ളവർക്ക് ഡിജിറ്റൽ മേഖലയുടെ അറിവും നൈപുണിയും നൽകുകയാണ് ലക്ഷ്യം. അസിസ്റ്റൻറ് റോബോട്ടിക് ടെക്‌നീഷ്യൻ, മൊബൈൽ ഫോൺ ഹാർഡ് വേർ റിപ്പയർ ടെക്‌നീഷ്യൻ എന്നിവയാണ് കോഴ്‌സുകൾ. എസ്എസ്എൽസി ജയിച്ചവർക്ക് അപേക്ഷിക്കാം.
സൗജന്യമായ കോഴ്‌സ് പൂർത്തിയാക്കുന്നവർക്ക് കേന്ദ്രസർക്കാർ അംഗീകൃത സ്‌കിൽ സർട്ടിഫിക്കറ്റ് നൽകും. സെന്ററിന്റെ ബ്രോഷർ പ്രിൻസിപ്പൽ എം.സക്കീനയ്‌ക്ക് നൽകി കെ.യു. ജനീഷ്‌കുമാർ എംഎൽഎ പ്രകാശനം ചെയ്തു. പിടിഎ പ്രസിഡന്റ് എസ്. രാജേഷ് അധ്യക്ഷത വഹിച്ചു. പ്രഥമാധ്യാപിക ബി. ലേഖ, അധ്യാപകരായ ലാൽ വർഗീസ്, വി.സജീവ്, ജയകുമാരി, എ.രമ്യ, കോഡിനേറ്റർ ആരതി എന്നിവർ പ്രസംഗിച്ചു.