കോന്നി : കോടികൾ മുടക്കി നിർമ്മിച്ച കല്ലട ജലസേചന പദ്ധതി സംരക്ഷണം ലഭിക്കാതെ നശിക്കുന്നു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിനും കാർഷിക ആവശ്യങ്ങൾ നിറവേറ്റുന്നതിനും ലക്ഷ്യമിട്ടാണ് കേരളത്തിലെ തന്നെ ഏറ്റവും വലിയ ജലസേചന പദ്ധതിയായ കല്ലട പ്രൊജക്റ്റ് വിഭാവനം ചെയ്തത്. പന്തളം പി.ആർ.മാധവൻ പിള്ള എം.എൽ.എ. ആയിരുന്ന കാലഘട്ടത്തിലാണ് കല്ലട ജലസേചന പദ്ധതി എന്ന ആശയം മുന്നോട്ടുവെച്ചത്. 1961 ല്‍ പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുകയും 1986 മെയ് മാസം കനാൽ ശൃംഖല പൂര്‍ത്തിയാക്കി തെന്മലയിൽ അണക്കെട്ട് നിർമ്മിച്ച് പദ്ധതി ജനങ്ങൾക്കായി തുറന്ന് കൊടുത്തു.
പത്തനാപുരം, കൊട്ടാരക്കര, കൊല്ലം, കരുനാഗപ്പള്ളി, കുന്നത്തൂർ, അടൂർ, മാവേലിക്കര , കാർത്തികപ്പള്ളി, കോന്നി താലൂക്കുകൾ വഴിയാണ് കല്ലട ജലസേചന പദ്ധതിയുടെ പ്രധാന കനാലുകളും, ഉപകനാലുകളും കടന്നു പോകുന്നത്. 549 സ്ക്വയർ കിലോമീറ്റർ സ്ഥലത്ത് കൂടി കല്ലട ജലസേചന പദ്ധതി കടന്നു പോകുമ്പോൾ 53514 ഹെക്ടർ സ്ഥലത്തെ കർഷകർക്ക് ഇതിന്റെ ഗുണം ലഭിച്ചിരുന്നു. ഏഴായിരം കോടി രൂപയോളം ചിലവഴിച്ച കല്ലട ജലസേചന പദ്ധതി ഇന്ന് ആർക്കും ഗുണം ലഭിക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്.
പ്രധാന കനാലും ഉപകനാലുകളും ഇന്ന് മാലിന്യ നിക്ഷേപ കേന്ദ്രമായി മാറിയിരിക്കുന്നതിനാൽ കനാൽ തുറന്നു വിടുമ്പോൾ വെള്ളം പുറത്തേക്ക് ഒഴുകി പല സ്ഥലങ്ങളിലും വെള്ളം കയറുന്ന സ്ഥിതിയാണ് ഉള്ളത്. ഒരോ വർഷവും കനാൽ കൃത്യമായി വൃത്തിയാക്കിയാൽ ഒരു ചെറിയ പരിഹാരമെങ്കിലും ആകും. എന്നാല്‍ ഇതിന് യാതൊരു നടപടിയും അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ലെന്നും പരാതി ഉയരുന്നു.