കോന്നി : അച്ചൻകോവിൽ-കല്ലേലി റോഡ് ആധുനിക നിലവാരത്തിൽ സഞ്ചാരയോഗ്യമാക്കണമെങ്കിൽ 16 ഹെക്ടർ വനഭൂമി വിട്ടുകിട്ടണം. വനഭൂമി വിട്ടുകൊടുക്കുന്നതിന് പകരമായി റവന്യൂഭൂമി നൽകണമെന്നാണ് വ്യവസ്ഥ. 16 ഹെക്ടർ റവന്യൂഭൂമി കണ്ടെത്താൻ കഴിയില്ലെന്ന് റവന്യൂവകുപ്പ് ബന്ധപ്പെട്ട വകുപ്പിനെ അറിയിച്ചു. എണ്‍പത്തി ഒന്‍പതു കിലോമീറ്റര്‍ ദൂരം ഉള്ള പ്ലാപ്പള്ളി, അച്ചൻകോവിൽ റോഡ് സഞ്ചാരയോഗ്യമാക്കാനായി തുകയും വകയിരുത്തിയിട്ടുണ്ട്. എങ്കിലും കല്ലേലി മുതല്‍ വനത്തിലൂടെ ഉള്ള റോഡ് വികസനം സംബന്ധിച്ചുള്ള പ്രതിസന്ധി ഉണ്ട്.
പിറവന്തൂർ, അരുവാപ്പുലം, കോന്നി, തണ്ണിത്തോട്, സീതത്തോട് മേഖലയിലൂടെയാണ് റോഡ് കടന്നുപോകുന്നത്. കല്ലേലി ചെക്ക് പോസ്റ്റ് മുതല്‍ ചേമ്പനരുവി വരെ പല ഭാഗത്തും നിലവിൽ 3.5 മീറ്റർ വീതിമാത്രമേ ഉള്ളൂ. അത് 10 മീറ്ററാക്കി വർധിപ്പിച്ച് കലുങ്കുകൾ പണിതും ടാറിങ് നടത്താനുമായിരുന്നു പദ്ധതി. കൂടുതൽ വനഭൂമി വിട്ടുകിട്ടിയെങ്കിൽ മാത്രമേ റോഡ് വികസനം സാധ്യമാകൂ. നിലവിലെ സാഹചര്യത്തില്‍ വന ഭൂമി വിട്ടു കിട്ടാന്‍ സാധ്യത കുറവാണ്. നിലവില്‍ ഉള്ള റോഡ് ടാര്‍ ചെയ്തുവെങ്കിലും സഞ്ചരയോഗ്യമാക്കണം എന്നുള്ള ആവശ്യവും പരിഗണിച്ചിട്ടില്ല.