കോന്നി : കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ ശക്തമായ മഴയിൽ കല്ലേലി കുളത്തുമൺ റോഡിൽ ചെളികുഴി ഭാഗത്ത് റോഡിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞ് വീണത് അപകട ഭീഷണി ഉയർത്തുന്നു. കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ മഴയിൽ ആണ് തോട്ടിൽ കൂടി ഉണ്ടായ മഴ വെള്ള പാച്ചിലിനെ തുടർന്ന് റോഡിന്റെ സംരക്ഷണഭിത്തിയും കലുങ്കിന്റെ ഭാഗവും തകർന്നത്. കലുങ്കിന്റെ കൽക്കെട്ട് ഭാഗികമായി തകർന്നു. തോടിന്റെ ഒരു വശം ഇടിഞ്ഞിരിക്കുന്ന ഭാഗം ഇനിയും ശക്തമായ രീതിയിൽ വെള്ളം ഒഴുക്ക് ഉണ്ടായാൽ ഇനിയും ഇടിയാൻ സാധ്യത ഏറെയാണ്.
വർഷങ്ങൾക്ക് മുൻപ് ഇവിടെ ഉണ്ടായ ഉരുൾപൊട്ടലിൽ ഈ പ്രദേശത്ത് വലിയ നാശം വിതച്ചിരുന്നു. കല്ലേലിയിൽ നിന്നും ചെളിക്കുഴി, താമരപ്പള്ളി, കുളത്തുമൺ, അതിരുങ്കൽ ഭാഗത്തേക്ക് യാത്ര ചെയ്യുന്നവർ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന വഴിയാണ് ഇത്. മാത്രമല്ല പ്രധാന റോഡിൽ മാർഗ തടസം ഉണ്ടായാൽ വാഹനങ്ങൾ ഇതുവഴി തിരിച്ച് വിടാനും കഴിയും. നിലവിൽ സംരക്ഷണ ഭിത്തി ഇടിഞ്ഞുപോയതിന്റെ തൊട്ടടുത്തായി റോഡിലേക്ക് മണ്ണിടിഞ്ഞ് വീഴുന്നുമുണ്ട്. ഇത് നിരവധി തവണ കോന്നി താലൂക്ക് വികസന സമിതിയിൽ ചർച്ച ചെയ്യപ്പെട്ടു എങ്കിലും നടപടിയായില്ല. വരും ദിവസങ്ങളിൽ മഴ തുടർന്നാൽ സംരക്ഷണ ഭിത്തി കൂടുതൽ അപകടാവസ്ഥയിലേക്ക് നീങ്ങുന്നതിനും കാരണമാകും.