കൊച്ചി : രാജ്യാന്തര ചലച്ചിത്രമേളയിൽ നിന്ന് നടൻ സലിം കുമാറിനെ ഒഴിവാക്കിയെന്ന ആരോപണത്തിൽ പ്രതികരിച്ച് ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധായകനുമായ കമൽ. സലിം കുമാറിനെ ചലച്ചിത്ര മേളയിൽ നിന്ന് ഒഴിവാക്കില്ലെന്ന് കമൽ പറഞ്ഞു. സലിം കുമാറിനെ ഒഴിവാക്കി എറണാകുളത്ത് ചലച്ചിത്ര മേള സാധ്യമല്ല. ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുന്ന അതിഥികളുടെ അന്തിമ പട്ടിക ആയിട്ടില്ലെന്നും രാഷ്ട്രീയമായി മാറ്റി നിർത്താവുന്ന ആളല്ല സലിം കുമാറെന്നും കമൽ പറഞ്ഞു.
രാജ്യാന്തര ചലച്ചിത്ര മേളയുടെ ഉദ്ഘാടന ചടങ്ങിൽ നിന്ന് സലിംകുമാറിനെ ഒഴിവാക്കിയതായി ആരോപണം ഉയർന്നിരുന്നു. ഇരുപത്തിയഞ്ച് പുരസ്‌കാര ജേതാക്കളെ ഉദ്ഘാടന ചടങ്ങിലേക്ക് ക്ഷണിച്ചപ്പോൾ സലിംകുമാറിനെ ഒഴിവാക്കിയെന്നായിരുന്നു ആക്ഷേപം. രാജ്യാന്തര ചലച്ചിത്ര മേളയിൽ നിന്ന് തന്നെ ഒഴിവാക്കിയതിന് രാഷ്ട്രീയമെന്ന് സലിം കുമാർ പറഞ്ഞു. കോൺഗ്രസ് അനുഭാവിയായതുകൊണ്ടാണ് ഐഎഫ്എഫ്‌കെയിൽ തിരി തെളിയിക്കാൻ തന്നെ ക്ഷണിക്കാതിരുന്നത്. തിരി തെളിയിക്കാൻ താനാണ് ഏറ്റവും യോഗ്യനെന്നും സലിം കുമാർ പറഞ്ഞിരുന്നു.