മുല്ല പോലെത്തന്നെ ആവശ്യവും മൂല്യവും അഴകും ഒത്തിണങ്ങുന്നതാണ് പുഷ്പങ്ങളിൽ കനകമൂല്യമുള്ള കനകാംബരം. ഒരു മീറ്ററോളം പൊക്കം വെക്കുന്ന ബഹുവർഷിസസ്യമാണിത്. മൂന്നോ അഞ്ചോ ഇതളുകളിൽ കാണപ്പെടുന്നവയാണ് ഇതിന്റെ പൂക്കൾ. അന്തരീക്ഷ ഊഷ്മാവ് 30-35 ഡിഗ്രിസിയാണ് ഇതിന്റെ മികച്ച വളർച്ചയും പൂക്കളുടെ നല്ലനിറത്തിനും അനുകൂലം. മഞ്ഞ, ഓറഞ്ച്, ലൂട്ട്യ മഞ്ഞ, സെബാക്കുലസ് റെഡ് എന്നിങ്ങനെയുള്ള നിറത്തിലാണ് പ്രധാനമായും കണ്ടു വരുന്നത്. വെള്ള, വയലറ്റ് എന്നിങ്ങനെയുള്ള നിറങ്ങളിലും കണ്ടുവരുന്നു. വർഷം മുഴുവനും പുഷ്പങ്ങൾ നൽകും. ക്ഷേത്രാവശ്യങ്ങൾക്കും മുല്ലയോടൊപ്പവും അല്ലാതെയും കോർത്ത് മുടിയിൽച്ചൂടാനുമാണ് ഇത് വ്യാപകമായി ഉപയോഗിക്കപ്പെടുന്നത്. ഗോവയുടെ സംസ്ഥാന പുഷ്പമായ ഇതിനെ അവിടെ വിളിച്ചുവരുന്നത് അബോളിയെന്നാണ്. മഹാരാഷ്ട്രയിലും ഇുതന്നെയാണ് പേര്.
ഏകദേശം അമ്പതിലേറെ ഇനങ്ങളിൽ കാണപ്പെടുന്ന കനകാംബരം ആഫ്രിക്ക, ഏഷ്യ എന്നീ വൻകരകളിൽ വാണിജ്യാടിസ്ഥാനത്തിൽ കൃഷിചെയ്തുവരുന്നു. കരിഞ്ഞപച്ചത്തണ്ടും കരിഞ്ഞ പച്ച ഇലകളുമുള്ള കനകാംബര ഇനമാണ് കൃഷിക്കായി വ്യാപകമായി നട്ടുവരുന്നത്. ഇത് മൂന്നുമാസമാവുമ്പോൾത്തന്നെ നിറയെ ശാഖകൾ വിരിയുകയും നിറയെ പൂക്കുറ്റികളും പൂക്കളും വിരിയുകയും ചെയ്യുന്നു. വെള്ളകലർന്ന പച്ചത്തണ്ടുകളും പച്ച ഇലകളുമുള്ള കനകാംബരയിനത്തിന്റെ പൂക്കൾക്ക് നല്ല നിറമായിരിക്കും. കടുത്ത ഓറഞ്ച് നിറത്തിൽ പൂക്കൾ വിരിയുന്ന ‘ഡൽഹി’യെന്നയിനത്തിനാണ് കൃഷിക്കാർക്കിടയിൽ പ്രിയം.
നമ്മുടെ പുരയിടങ്ങളിൽ നട്ടുപിടിപ്പിച്ചുവന്നിരുന്ന കനകാംബരം കമ്പുകൾ മുറിച്ചു നട്ടുമാണ് വളർത്തിയെടുക്കാറ്. വിത്ത് പാകി മുളപ്പിച്ചെടുത്തും കമ്പുകൾക്ക് വേരുപിടിപ്പിച്ചും തൈകൾ തയ്യാറാക്കാം. നന്നായി പൊടിയാക്കിയ മണ്ണിൽ ചാണകപ്പൊടിയും വേപ്പിൻ പിണ്ണാക്കും മണലും സമാസമം ചേർത്ത് നനച്ചിട്ട മണ്ണിലാണ് വിത്ത് പാകേണ്ടത്. അഞ്ചുദിവസം കൊണ്ട് വിത്തുകൾ മുയ്ക്കും. ഡൽഹിപോലുള്ള വിത്തുകൾ ഉണ്ടാകാത്തയിനങ്ങൾക്ക് കമ്പുമുറിച്ചുനട്ട് വേരുപിടിപ്പിച്ച് മാറ്റിനടാം. നന്നായി വേരു പിടിച്ചതിനുശേഷമേ മാറ്റിനടാവൂ. മുളച്ച് ഒന്നരമാസം പ്രായമെത്തിയാലോ നാലഞ്ചു ജോഡി ഇലകൾ വന്നാലോ പറിച്ച് മാറ്റിനടാവുന്നതാണ്. ചട്ടികളിൽ ഒറ്റയ്ക്കും തടങ്ങളിൽ ഒന്നരയടി വിട്ട് നട്ടും വളർത്തിയെടുക്കാവുന്നതാണ്. സമുഖമായി വിന്യസിച്ചിരിക്കുന്ന ഇലകൾക്ക് 5-6 സെമീനിളം കാണും. ഇലയുടെ തൂമ്പിൽ നിന്ന് മുളച്ചുവരുന്ന പൂക്കുറ്റികൾ മൂന്നോ നാലോ എണ്ണമുള്ള കൂട്ടങ്ങളായാണ് കണ്ടുവരുന്നത്. പുഷ്പങ്ങളെ വഹിക്കുന്ന കുറ്റികളിൽ നിന്ന് തലനീട്ടുന്നരീതിയിലാണ് മൊട്ടുകൾ. പൂക്കൾക്ക് നാല് കേസരങ്ങളുണ്ടാകും. മഞ്ഞയോ കറുപ്പോ ആയിരിക്കും വിത്തുകളുടെ നിറം. വിത്തിനും പൂവിനും പ്രത്യേകിച്ച് ഗന്ധമുണ്ടാകില്ല.
മുളച്ച് രണ്ടാഴ്ചയ്ക്കുശേഷം. നന്നായി അടിവളം ചേർത്ത മണ്ണിലേക്ക് പറിച്ചുനട്ട് വളർത്തിയെടുക്കാം. പറിച്ചുനടുന്ന സ്ഥലത്ത് നല്ല സൂര്യപ്രകാശം ലഭിക്കുമെന്ന് ഉറപ്പാക്കിയിരിക്കണം. പതിനഞ്ചുദിവസം കൂടുമ്പോൾ ചാണകപ്പൊടി അടിയിൽ വിതറി മണ്ണ്കൂട്ടിക്കൊടുക്കാം ചില കർഷകർ ചെടി തഴച്ചുവളരാൻ ഹെക്ടറിന് 70 കിലോഗ്രാം യൂറിയയും 300 കിലോ സൂപ്പർഫോസ്‌ഫേറ്റും 75 കിലോ പൊട്ടാഷും െഹക്ടറിലേക്ക് അടിവളമായിനൽകാറുണ്ട്. ചെടിയുടെ ചുവട്ടിൽവെള്ളം കെട്ടിനിൽക്കരുത്. അങ്ങനെ നിന്നാൽ ചെടിമൊത്തം ചീഞ്ഞുപോവും. വേനൽക്കാലത്ത് ഒന്നിടവിട ദിവസങ്ങളിൽ നന നിർബന്ധമാണ്. മഴക്കാലത്ത് വേരുപൊന്താതിരിക്കാൻ മുരട്ടിൽ മണ്ണ് കൂട്ടിക്കൊടുക്കണം. ചെടികൾ നട്ട് മൂന്നുമാസത്തിനുള്ളിൽ അവ പുഷ്പിക്കും. വേനൽക്കാലത്ത് നനയും വളവും നൽകിയാൽ വർഷം മുഴുവനും അതിൽ നിന്ന് പൂക്കൾ പറിക്കാം. മഴക്കാലത്ത് പൂക്കൾ കുറവായിരിക്കും. ഒന്നരാടൻ ദിവസങ്ങളിൽ അതിരാവിലെ പൂക്കളിറുക്കാം. ഒരു ഹെക്ടറിൽ നിന്ന് അഞ്ചുടൺ വരെ വിളവ് ലഭിക്കുന്ന കർഷകരുണ്ട്. കിലോയക്ക് സീസണിൽ വില 500 രൂപ വരെയുയരും