തിരുവനന്തപുരം : വിവാദമായ രവീന്ദ്രൻ പട്ടയങ്ങൾ റദ്ദാക്കാനുള്ള തീരുമാനം 2019 ൽ ഒന്നാം പിണറായി സർക്കാരാണ് കൈക്കൊണ്ടതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. 2019 ൽ കഴിഞ്ഞ സർക്കാരിന്റെ കാലത്തെടുത്ത തീരുമാനമാണ്. സർക്കാർ നിലപാടാണ് സിപിഐയുടെയും നിലപാടെന്ന് പറഞ്ഞ അദ്ദേഹം സർക്കാർ ഉത്തരവ് പാർട്ടിയിൽ ചർച്ച ചെയ്യാതെ എടുത്തതാണെന്ന മുതിർന്ന നേതാവ് കെഇ ഇസ്മായിലിന്റെ നിലപാടിനെയും തള്ളുന്നു.
ഒരു കാരണവശാലും പട്ടയം നൽകാൻ അധികാരമില്ലാത്ത വ്യക്തി നൽകിയ പട്ടയമാണിവയെന്നും അതാണ് റദ്ദാക്കാൻ കാരണമെന്നുമാണ് കാനത്തിന്റെ വിശദീകരണം. സിപിഐ ജില്ലാ സെക്രട്ടറിയുടെ ആശങ്ക സർക്കാർ ഉത്തരവ് വായിച്ചാൽ തീരുന്നതാണെന്നും കാനം വ്യക്തമാക്കി. പത്തനംതിട്ടയിലെ സിപിഎം – സിപിഐ തർക്കം ജില്ലാ നേതൃത്വത്തിന് പരിഹരിക്കാൻ കഴിയുന്നതാണെന്നും അദ്ദേഹം പറഞ്ഞു.