തിരുവനന്തപുരം : കരുവന്നൂര്‍ സഹകരണ ബാങ്കിലെ 100 കോടിയിലധികം രൂപയുടെ തട്ടിപ്പു പുറത്തു വന്നതിന് പിന്നാലെ തലസ്ഥാനത്ത് കാട്ടാക്കടയ്ക്കടുത്തുള്ള കണ്ടല സര്‍വീസ് സഹകരണ ബാങ്കില്‍ 60 കോടിയിലേറെ രൂപ ആവിയായി. 2091-20 ലെ ബാങ്കിലെ ആഡിറ്റ് പ്രകാരം 60 കോടി കാണാനില്ല. പ്രതി വര്‍ഷ നഷ്ടം ആകട്ടെ 20 കോടിയിലേറെ രൂപ. കോടിക്കണക്കിന് രൂപയുടെ വായ്പ്പ കുംഭകോണം നടന്നുവെന്നാണ് സഹകരണ വകുപ്പിന്റെ പ്രാഥമിക കണ്ടെത്തല്‍.
ഒരു ആധാരത്തില്‍ തന്നെ മൂന്നും നാലും പ്രാവശ്യം വായ്പ നല്‍കിയതായും എടുത്ത വായ്പയുടെ തുക ചിലരുടെ അക്കൗണ്ടിലേക്ക് മാത്രം ട്രാന്‍സ്ഫര്‍ ചെയ്തതടക്കം വന്‍ തട്ടിപ്പുകളാണ് ബാങ്കില്‍ നടന്നത്. കണ്ടല സഹകരണ ബാങ്കില്‍ സ്ഥിര നിക്ഷേപം എത്തിക്കുന്ന ജീവനക്കാര്‍ക്ക് കമ്മീഷന്‍ നല്‍കിയാണ് ബാങ്കിലേയ്ക്ക് കോടികള്‍ എത്തിക്കുന്നതെന്നും കണ്ടെത്തി. തട്ടിപ്പിന്റെ പിന്നാമ്പുറ കഥകള്‍ പുറത്തു വന്നതോടെ നിക്ഷേപകരും ആശങ്കയിലാണ്. ബാങ്കിലെ അഴിമതിക്കും തട്ടിപ്പിനും ചുക്കാന്‍ പിടിക്കുന്നത് ബാങ്ക് പ്രസിഡന്റും മില്‍മ മേഖല അഡ്മിനിസ്‌ട്രേറററുമായ എന്‍ ഭാസുരാംഗനാണെന്നാണ് സഹകരണ വകുപ്പിന് ലഭിച്ച പരാതിയില്‍ പറയുന്നത്. സിപിഐ ജില്ലാ നേതാവു കൂടിയായ ഭാസുരാംഗനെ സംരക്ഷിക്കുന്നത് ജില്ലയിലെ പ്രമുഖ സി പി എം നേതാവാണന്നാണ് ആക്ഷേപം.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തു തന്നെ കണ്ടല സഹകരണ ബാങ്കിലെ തട്ടിപ്പ് ഉദ്യോഗസ്ഥര്‍ മുകളിലേക്ക് അറിയിച്ചുവെങ്കിലും സിപിഐ നേതാവിന്റെ ബാങ്കായതിനാല്‍ നടപടി വേണ്ടന്ന് നിര്‍ദ്ദേശിച്ചുവെന്നാണ് അറിയുന്നത്. കരുവന്നൂര്‍ പ്രശ്‌നം രൂക്ഷമായതോടെ വിഷയം വീണ്ടും ഉന്നത ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍ എത്തിച്ചിരിക്കുകയാണ് കാട്ടാക്കട അസിസ്റ്റന്റ് രജിസ്ട്രാറിന് കീഴിലെ മലയിന്‍കീഴ് യൂണിറ്റിലെ ഉദ്യോഗസ്ഥര്‍. തട്ടിപ്പിന്റെ വ്യാപ്തി മനസിലാക്കി പ്രശ്‌നം ഒതുക്കാനും ബാങ്ക് പ്രസിഡന്റിനെ സംരക്ഷിക്കാനുമാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.
കരുവന്നൂര്‍ പോലെ കണ്ടല അഴിമതിയും സര്‍ക്കാരിന് നാണക്കേട് ഉണ്ടാക്കുമെന്നും സഹകരണ മേഖലയുടെ വിശ്വാസ്യതയെ ബാധിക്കുമെന്നുമാണ് ഉന്നത ഉദ്യോഗസ്ഥര്‍ പറയുന്നത്. എന്നാല്‍ ബാങ്കില്‍ നിന്നും ഒരു പണവും നഷ്ടപ്പെട്ടില്ലന്നും ചിട്ടി നടത്തിയ വകയില്‍ കിട്ടാനുള്ള പണവും സഹകരണ വകുപ്പിന്റെ അനുമതി വാങ്ങാതെ കെട്ടിടം വെച്ച പണവും ടാലി ആകാത്തതാണ് ആഡിറ്റില്‍ പ്രശ്‌നമായതെന്നും ഇത് പരിഹരിക്കുമെന്നും ബാങ്ക് അധികൃതര്‍ പറയുന്നു. ബാങ്കിലെ അഴിമതി സംബന്ധിച്ച് മാറനല്ലൂര്‍ മുന്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.മുരളീധരന്‍ സഹകരണ രജിസ്റ്റാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതിയും നല്‍കിയിട്ടുണ്ട്.
2008ല്‍ ഒരു ഭൂമി ബാങ്കില്‍ പണയപ്പെടുത്തി 88 ലക്ഷം രൂപ വായ്പ എടുത്തിരുന്നു. അതേ വസ്തു തന്നെ 2010ല്‍ വീണ്ടും പണയപ്പെടുത്തി ഒരുകോടി പത്ത് ലക്ഷം രൂപയും വായ്പ എടുത്തിട്ടുണ്ട്. വീണ്ടും ഇതേ വസ്ത 2011ല്‍ പണയപ്പെടുത്തി ഒന്നര കോടി രൂപ വായ്പ എടുത്തു. സിപിഐ നേതൃത്വത്തിലുള്ള ഭരണസമിതിയാണ് ബാങ്കിന്റെ തലപ്പത്തുള്ളത്. ബാങ്ക് ഭരണസമിതിക്കെതിരെ അന്വേഷണം വേണമെന്ന ആവശ്യവുമായി നാട്ടുകാരും രംഗത്ത് എത്തിയിട്ടുണ്ട്.
സിപിഐ ഉന്നത നേതാക്കള്‍ക്ക് ഗൂഢാലോചനയില്‍ പങ്കുണ്ടെന്നാണ് ആരോപണം. ബാങ്ക് തട്ടിപ്പിനെതിരെ ഇഡിക്കും ആദായനികുതി വകുപ്പിനും ബിജെപി നേതാക്കള്‍ പരാതി കൊടുത്തിട്ടുണ്ട്. നിരവധി തവണ ഇതേ ബാങ്കിനെതിരെ തട്ടിപ്പ് ആരോപണവുമായി നാട്ടുകാര്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ ഉന്നത സ്വാധീനം കാരണം അന്വേക്ഷണം നടത്തിയില്ല. കണ്ടല സഹകരണ ബാങ്കിന്റെ നിലവിലെ പ്രസിഡന്റും മില്‍മയുടെ അഡ്മിനിസ്‌ട്രേറ്ററുമായ എന്‍ .ഭാസുരാംഗന്‍ ജില്ലാ സഹകരണ ബാങ്കിന്റെ പ്രസിഡന്റ് ആയിരുന്ന കാലത്ത് തട്ടികൂട്ടിയ എസ്.എച്ച്.ജി സംഘങ്ങളുടെ പേരില്‍ കണ്ടല സഹകരണ ബാങ്കിനെ നോഡല്‍ ഏജന്‍സിയായി 5 കോടി രൂപ തിരിമറി നടത്തിയതായും പി.മുരളീധരന്‍ നല്‍കിയ പരാതിയില്‍ പറയുന്നു.