ന്യൂഡൽഹി : കങ്കണ റണാവത്തും ജാവേദ് അക്തറും ദീർഘകാലമായി നിലനിൽക്കുന്ന നിയമ തർക്കം പരിഹരിച്ചു. നടിക്കെതിരെ മുതിർന്ന തിരക്കഥാകൃത്ത് നൽകിയ മാനനഷ്ടക്കേസിൽ ആണ് പരിഹാരമുണ്ടായത്. അക്തറിനൊപ്പമുള്ള ഒരു ചിത്രം പങ്കുവെച്ച് കങ്കണ റണാവത്ത് സോഷ്യൽ മീഡിയയിലൂടെ സംഭവവികാസങ്ങൾ അറിയിച്ചു. വെള്ളിയാഴ്ച മുംബൈയിലെ ബാന്ദ്രയിലെ മജിസ്‌ട്രേറ്റ് കോടതിയിൽ വച്ച് ഇരുവരും തങ്ങളുടെ അഞ്ച് വർഷത്തെ പിണക്കം തീർത്തു. ജാവേദ് ജിയും താനും തങ്ങളുടെ നിയമപരമായ കാര്യം (മാനനഷ്ടക്കേസ്) മധ്യസ്ഥതയിലൂടെ പരിഹരിച്ചുവെന്നും, അദ്ദേഹം വളരെ ദയയോടെ കേസിലുടനീളം നിലകൊണ്ടുവെന്നും, തൻ്റെ അടുത്ത സംവിധാനത്തിനായി ഗാനങ്ങൾ എഴുതാമെന്ന് സമ്മതിച്ചുവെന്നും കങ്കണ സമൂഹ മാധ്യമത്തിലൂടെ അറിയിച്ചു.
ഇന്ന് രാവിലെ 10.30 ഓടെ ബാന്ദ്ര മജിസ്‌ട്രേറ്റ് കോടതിയിൽ എത്തിയ അക്തറും റണൗത്തും അവരുടെ അഭിഭാഷകരായ ജയ് കെ. ഭരദ്വാജ്, റിസ്വാൻ സിദ്ദിഖി എന്നിവർക്കൊപ്പം മജിസ്‌ട്രേറ്റ് ആശിഷ് ആവാരിയുടെ ചേംബറിൽ പോയി. ഒരു ടെലിവിഷൻ അഭിമുഖത്തിൽ തനിക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്ന് ആരോപിച്ച് കങ്കണയ്‌ക്കെതിരെ പരാതി നൽകിയതിനെ തുടർന്നാണ് 2020-ൽ കങ്കണയും ജാവേദ് അക്തറും തമ്മിലുള്ള നിയമപോരാട്ടം ആരംഭിച്ചത്.