മുംബൈ: ബോളിവുഡ് നടി കങ്കണയുടെ മുംബൈയിലെ ഓഫീസിനോട് ചേര്‍ന്നുള്ള അനധികൃത നിര്‍മ്മാണങ്ങള്‍ പൊളിക്കുന്നതിന് സ്റ്റേ. ബോംബെ ഹൈക്കോടതിയാണ് താല്‍ക്കാലികമായി സ്റ്റേ ചെയ്തത്. കങ്കണ നല്‍കിയ ഹർജി കോടതി നാളെ വിശദമായി പരിഗണിക്കും. അതുവരെ ബിഎംസിക്ക് അവരുടെ ബംഗ്ലാവ് പൊളിച്ചുനീക്കാന്‍ കഴിയില്ല.
എന്നാല്‍, ഓഫീസ് കെട്ടിടത്തിന്റെ ഒരു ഭാഗം ഇതിനോടകം പൊളിച്ചു നീക്കിയിരുന്നു. അനധികൃത നിര്‍മാണമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. നേരത്തെ നോട്ടീസ് പതിപ്പിച്ചിരുന്നതായും അതിന് മറുപടി ലഭിക്കാത്ത സാഹചര്യത്തിലാണ് നടപടിയിലേക്ക് കടന്നതെന്നാണ് കോര്‍പറേഷന്റെ വാദം. ഇന്നലെ നോട്ടീസില്‍ കങ്കണയുടെ അഭിഭാഷകന്‍ റിസ്വാന്‍ സിദ്ദിഖ് സമര്‍പ്പിച്ച മറുപടി നിരസിച്ച് ബിഎംസി ഓഫീസിന് പുറത്ത് നോട്ടീസ് ഒട്ടിച്ചതിന് തൊട്ടുപിന്നാലെയാണ് അതിവേഗ സംഭവവികാസങ്ങള്‍ ഉണ്ടായത്.
ബാന്ദ്ര വെസ്റ്റിലുള്ള കങ്കണയുടെ ഓഫീസിന്റെ നിര്‍മാണം അനധികൃതമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ശിവസേന മുംബൈ കോര്‍പറേഷന്‍ കങ്കണയ്ക്ക നോട്ടീസ് അയച്ചത്. പുനര്‍നിര്‍മാണത്തിന്റെ പേരില്‍ കെട്ടിടത്തില്‍ അനുമതിയില്ലാതെ നിരവധി മാറ്റങ്ങള്‍ നടത്തിയതായി ചൊവ്വാഴ്ച പതിച്ച നോട്ടീസില്‍ പറയുന്നു. എന്നാല്‍ ആ വാദം നിഷേധിക്കുന്നതായി കങ്കണ പറഞ്ഞു. 24 മണിക്കൂറിനുള്ളില്‍ മറുപടി നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു. മറുപടി തൃപ്തകരമല്ലാത്തതിനെത്തുടര്‍ന്നാണ് ജെസിബി അടക്കമുള്ളവ കൊണ്ടുവന്ന് കെട്ടിടത്തിന്റെ ചില ഭാഗങ്ങള്‍ പൊളിച്ചുമാറ്റാന്‍ ആരംഭിച്ചത്. സുശാന്ത് സിങിന്റെ മരണവുമായി ബന്ധപ്പെട്ട ആരോപണങ്ങളുമായി മഹാരാഷ്ട്രാ സര്‍ക്കാരിനെയും മുംബൈ പോലീസിനെയും പ്രതിക്കൂട്ടില്‍ നിര്‍ത്തുകയായിരുന്നു കങ്കണ. വിമര്‍ശനങ്ങള്‍ പരിധി വിട്ടപ്പോള്‍ നഗരത്തെ പാക് അധീന കശ്മീരിനോടും താലിബാനോടുമെല്ലാം ഉപമിക്കുകയും ചെയ്തു. ഇതോടെയാണ് കങ്കണയ്‌ക്കെതിരേ പ്രതിഷേധം കനത്തത്.