കണ്ണൂര്‍ : കിയാല്‍ കടത്തില്‍ മുങ്ങുന്നു, ഉദ്യോഗസ്ഥരുടെ ശമ്പളവും മുടങ്ങി. കോവിഡ് മഹാമാരിയില്‍ തകരുന്ന സ്ഥാപനങ്ങളുടെ പട്ടികയില്‍ കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളവും. അന്താരാഷ്ട്ര സര്‍വീസുകള്‍ മുടങ്ങിയതോടെയാണ് രാജ്യത്തെ നവാഗത വിമാനത്താവളമായ കണ്ണൂരിന്റെ നട്ടെല്ലൊടിഞ്ഞത്.
വിവിധ പൊതു മേഖലാ ബാങ്കുകളിലായി 888 കോടി രൂപയുടെ കടബാധ്യതയുണ്ട് കിയാലിന്. വിമാനത്താവളം തുടങ്ങിയതു മുതല്‍ കൃത്യമായി തിരിച്ചടവ് നടന്നിരുന്നുവെങ്കിലും പിന്നീട് മുടങ്ങി. കഴിഞ്ഞ വര്‍ഷം ലോക് ഡൗണ്‍ തുടങ്ങിയതു മുതല്‍ ബാങ്ക് വായ്പകള്‍ തിരിച്ചടക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടായി. പ്രത്യേക സാഹചര്യങ്ങള്‍ കണക്കിലെടുത്ത് പൊതുമേഖലാബാങ്കുകള്‍ മൊറോട്ടോറിയം അനുവദിച്ചിട്ടുണ്ടെങ്കിലും കണ്ണൂര്‍ വിമാനത്താവളത്തെ സംബന്ധിച്ച് കാര്യങ്ങള്‍ അത്ര ശുഭകരമല്ലെന്നാണ് സൂചന.
കൊവിഡില്‍ രാജ്യത്തെ വ്യോമയാന മേഖലകള്‍ തകര്‍ന്നു തരിപ്പണമായതിന്റെ ഭാഗമായി കണ്ണൂര്‍ വിമാനത്താവളത്തിലും വളരെ കുറവ് യാത്രക്കാരുമായി ആഭ്യന്തര സര്‍വീസ് മാത്രമേ നടത്തുന്നുള്ളൂ. ജീവനക്കാരുടെ ശമ്പളം, വൈദ്യുതി, വെള്ളം എന്നിവയടക്കം കിയാലിന് ഏതാണ്ട് മൂന്നര കോടിയോളം രൂപ പ്രതിമാസ ചെലവുണ്ട്.
നേരത്തെ കസ്റ്റംസ്, എയര്‍പോര്‍ട്ട് അഥോറിറ്റി എന്നിവയിലെ ഉദ്യോഗസ്ഥരുടെ ശമ്പളം കേന്ദ്രസര്‍ക്കാരിലേക്ക് മുന്‍കൂട്ടി നല്‍കിയിരുന്നുവെങ്കിലും ഇപ്പോള്‍ മുടങ്ങിയിരിക്കുകയാണ്. ഭീമമായ ശമ്പളം പറ്റുന്ന കസ്റ്റംസ് വിഭാഗത്തില്‍ മാത്രം 34 ജീവനക്കാര്‍ ജോലി ചെയ്യുന്നുണ്ട്. ഇവരുടെ ശമ്പളത്തിന്റെ മൂന്നിരട്ടി കേന്ദ്ര വ്യോമയാനമന്ത്രാലയത്തിലേക്ക് മുന്‍കൂട്ടി അടയ്ക്കണമെന്നാണ് നിര്‍ദ്ദേശം.
കുടിശ്ശിക തുക വേഗം അടയ്ക്കാമെന്ന് കസ്റ്റംസ് കമ്മിഷണറെ അറിയിച്ച കിയാല്‍ ശമ്പള ചെലവ് അടയ്ക്കുന്നതില്‍ നിന്നും അഞ്ചു വര്‍ഷത്തേക്ക് ഒഴിവാക്കണമെന്ന നിവേദനവും നല്‍കിയിട്ടുണ്ട്. വടക്കേ മലബാറിന്റെ വികസനത്തിന് ഏറ്റവും നിര്‍ണായകമായി മാറുമെന്ന് കരുതിയ കണ്ണൂര്‍ വിമാനത്താവളം കോവിഡ് പ്രതിസന്ധിയില്‍പ്പെട്ട് അതിന്റെ ഏറ്റവും കഠിനമായ പാതയിലൂടെ സഞ്ചരിക്കുകയാണ്.
വിദേശ കയറ്റുമതി സാധ്യമാകുന്ന കാര്‍ഗോ കോംപ്ലക്‌സടക്കം ഉടന്‍ പ്രവര്‍ത്തനമാരംഭിച്ചില്ലെങ്കില്‍ കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം അടച്ചുപൂട്ടുകയോ സ്വകാര്യ വ്യക്തികള്‍ക്കു വില്‍ക്കുകയോ ചെയ്യേണ്ട അവസ്ഥയിലേയ്ക്കു നീങ്ങും കാര്യങ്ങള്‍.