കണ്ണൂർ: ഉത്തര മലബാറിന്‍റെ യാത്രാ സ്വപ്നങ്ങൾക്കു ചിറകേകിയ കണ്ണൂർ വിമാനത്താവളം കിതയ്ക്കുന്നു. സർവീസുകൾ നിലച്ചതോടെ വൻ സാമ്പത്തിക ബാധ്യതയിലേക്ക് നീങ്ങുകയാണ് കിയാൽ. വിദേശ വിമാന കമ്പനികൾക്ക് സർവീസ് നടത്താൻ കേന്ദ്രം അനുമതി നൽകാത്തതാണ് കണ്ണൂരിനെ ആളില്ലാ വിമാനത്താവളമാക്കിയതിന്റെ മുഖ്യ കാരണം. 2018 ഡിസംബർ 9 ന് അബുദാബിയിലേക്ക് ആദ്യ വിമാനം കണ്ണൂരിൽ നിന്നു പറന്നുയരുമ്പോൾ ഒരു നാടിന്‍റെ യാത്ര സ്വപ്നമാണ് സാക്ഷാത്കരിച്ചത്. മലബാറിന്‍റെ സമഗ്ര വികസനത്തിനും ഈ വിമാനതാവളം കാവാടമാകുമെന്നും കരുതി.
ആദ്യ വിമാനം പറന്നു 10 മാസം കൊണ്ട് പ്രതിദിന സർവീസ് 50 ലേക്ക് ഉയർന്നു , ആഴ്ച്ചയിൽ 65 രാജ്യാന്തര സർവീസ് എന്ന നേട്ടവും കിയാൽ സ്വന്തമാക്കി. ഈ കാലയളവിൽ 10 ലക്ഷം പേരും കണ്ണൂർ വിമാനത്താവളം വഴി യാത്ര ചെയ്തു. എന്നാൽ 5 വർഷങ്ങൾക്കിപ്പുറം കണ്ണൂർ വിമാന താവളം മുന്നോട്ടു പോകാനാവാതെ കിതയ്ക്കുകയാണ്. പ്രതിമാസം 240 സർവീസുകൾ നടത്തിയിരുന്ന ഗോ ഫസ്റ്റിന്‍റെ വിമാനങ്ങൾ സർവീസ് പൂർണമായും നിർത്തിയതാണ് ഇന്ന് കിയാൽ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി. വിദേശ വിമാനങ്ങൾക്ക് സർവീസ് നടത്താൻ ആവശ്യമായ ‘പോയന്‍റ് ഓഫ് കോൾ’പദവിക്കായി കിയാൽ തുടക്കം മുതൽ കേന്ദ്ര സർക്കാരിനെ സമീപിച്ചെങ്കിലും അനുകൂല തീരുമാനം ഉണ്ടായില്ല.
കണ്ണൂർ വിമാനത്താവളം മെട്രോ നഗരത്തിലല്ല എന്ന ഒറ്റ കാരണത്താലാണ് പോയന്‍റ് ഓഫ് കോൾ സ്റ്റാറ്റസ് കേന്ദ്രം നൽകാതിരിക്കുന്നത്. വലിയ വിമാനങ്ങളുപയോഗിച്ച് രാജ്യാന്തര സർവീസുകളടക്കം നടത്തിയിരുന്ന എയർ ഇന്ത്യയുടെ പിന്മാറ്റവും വിമാന താവളത്തിന്‍റെ കിതപ്പിന് കാരണമായി. എയർ ഇന്ത്യാ എക്സ്‌പ്രസ്, ഇൻഡിഗോ എന്നീ എയർലൈനുകൾ മാത്രം സർവീസ് നടത്തുന്ന വിമാനതാവളമാണ് ഇന്ന് കണ്ണൂർ. സർവീസുകളുടെ കുറവ് വിമാന താവളത്തിന്‍റെ വരുമാനത്തെ കാര്യമായി ബാധിച്ചു തുടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ നിലവിലുള്ള സർവീസുകൾക്ക് വലിയ ടിക്കറ്റ് നിരക്കുമാണ്. സ്വഭാവികമായും യാത്രക്കർ കരിപ്പൂർ , മംഗളൂരു വിമാന താവളത്തെ ഇപ്പോൾ കൂടുതലായി ആശ്രയിക്കുന്നു.