കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ 71 പേര്‍ക്ക് കോവിഡ്. കഴിഞ്ഞ ദിവസം തടവുകാര്‍ക്കും ജയില്‍ ഉദ്യോഗസ്ഥര്‍ക്കുമിടയില്‍ നടത്തിയ ആര്.ടി.പി.സി.ആര് പരിശോധനയിലാണ് കൂടുതല്‍ രോഗബാധിതരെ കണ്ടെത്തിയത്. ഇതില്‍ 69 തടവുകാര്‍ക്കും രണ്ട് ജീവനക്കാര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. നേരത്തെ രണ്ട് തടവുകാര്‍ക്ക് രോഗബാധ കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് ജയിലില്‍ കൂട്ടപരിശോധന നടത്തിയത്. ഇതോടെ ജയിലില്‍ രോഗബാധിതരുടെ എണ്ണം 73 ആയി. നേരത്തെ രോഗം സ്ഥിരീകരിച്ച തടവുകാരെ തളിപ്പറമ്പ് കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററിലേക്ക് മാറ്റിയിരുന്നു.
എന്നാല്‍ കൂടുതല്‍ തടവുകാരില്‍ രോഗം കണ്ടെത്തിയതിനാല്‍ ജയിലിനുള്ളില്‍തന്നെ പ്രത്യേക ചികിത്സ ബ്ലോക്കൊരുക്കിയിരിക്കുകയാണെന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ ജോയിന്റ് സൂപ്രണ്ട്. ഇത്രയും തടവുകാരെ ചികിത്സാകേന്ദ്രത്തിലേക്ക് മാറ്റുകയെന്നത് പ്രായോഗിക കാര്യമല്ല. കേന്ദ്രത്തിലുള്ള മറ്റുരോഗികളുടെയും തടവുകാരുടെയും സുരക്ഷയെ ബാധിക്കുന്ന കാര്യമാണത്. അതിനാലാണ് ജയിലിനുള്ളില്‍തന്നെ ചികിത്സാ സൗകര്യമൊരുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ ഇവരുമായി പ്രാഥമിക സമ്പര്‍ക്കം പുലര്‍ത്തിയവരെ പ്രത്യേക ബ്ലോക്കുകളിലേക്ക് മാറ്റിയിരിക്കുകയാണ്. ഇതോടെ ജയിലിനുള്ളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഒരുങ്ങുകയാണ് അധികൃതര്‍. സന്ദര്‍ശകര്‍ക്ക് താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തും. തടവുപുള്ളികള്‍ക്ക് തല്‍ക്കാലത്തേക്ക് ജയിലിനുള്ളിലെ ജോലികള്‍ നല്‍കില്ല. പരോള്‍ കഴിഞ്ഞ് ജയിലിലെത്തിയ രണ്ടു പേര്‍ക്കാണ് ആദ്യം രോഗബാധ സ്ഥിരീകരിച്ചത്. ഇവരില്‍നിന്നാണ് മറ്റുള്ളവരിലേക്ക് രോഗം പടര്‍ന്നത്.
766 തടവുകാരാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലുള്ളത്. ഇതില്‍ 45 വയസ്സ് കഴിഞ്ഞ 300 പേര്‍ക്ക് ആദ്യഘട്ട കോവിഡ് വാക്സിന് നല്കി. കോവിഡ് വ്യാപനത്തിന്റെ ആദ്യഘട്ടത്തില്‍ സെന്‍ട്രല്‍ ജയിലിലെ കൂടുതല്‍ തടവുകാര്‍ക്ക് പരോള്‍ നല്‍കിയിരുന്നു.