ദില്ലി: തെരുവുനായ കേസിലെ കള്ള സത്യവാങ്മൂലത്തിനെതിരെ കണ്ണൂര്‍ ജില്ലാപഞ്ചായത്ത് സുപ്രീംകോടതിയില്‍. ഓള്‍ ക്രീചെര്‍സ് ഗ്രേറ്റ് ആന്‍ഡ് സ്‌മോള്‍ എന്ന സംഘടനയ്ക്കായി സത്യവാങ്മൂലം ഫയല്‍ ചെയ്ത അഞ്ജലി ഗോപാലനെതിരെ ക്രിമിനല്‍ കേസെടുക്കണമെന്നാണ് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് കോടതിയില്‍ ആവശ്യപ്പെട്ടു. ‘ഓള്‍ ക്രീച്ചേഴ്‌സ് ഗ്രേറ്റ് ആന്‍ഡ് സ്‌മോള്‍’ എന്ന മൃഗ സംരക്ഷണ സംഘടനയുടെ മാനേജിങ് ട്രസ്റ്റിയാണ് അഞ്ജലി ഗോപാലന്‍. കേരളത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ബോധപൂര്‍വമായ ശ്രമമാണ് നടക്കുന്നത്. പാകിസ്താന്‍ ഉള്‍പ്പടെയുള്ള വിദേശ രാജ്യങ്ങളിലെ ദൃശ്യങ്ങള്‍ കേരളത്തിലെതെന്ന വ്യാജേന സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്തു.
കേരളത്തിനെതിരെ വിദ്വേഷ പ്രചരണം നടത്തുന്നവര്‍ പങ്കുവെച്ച വ്യാജ ദൃശ്യങ്ങളാണ് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. ‘വേള്‍ഡ് വൈഡ് ബോയ്‌ക്കോട്ട് കേരള’ എന്ന ഹാഷ്ടാഗിലാണ് കേരളത്തിനെതിരായ വിദ്വേഷ പ്രചരണം. വ്യാജ സത്യവാങ്മൂലം സമര്‍പ്പിച്ചതിന് സിആര്‍പിസി സെക്ഷന്‍ 340 പ്രകാരമാണ് ജില്ലാപഞ്ചായത്ത് അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്.