കണ്ണൂര്‍ : കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ച കണ്ണൂർ പെരിങ്ങോം സ്വദേശിയുടെ പരിശോധനാ ഫലം നെഗറ്റീവ്. മൂന്നാമത്തെ പരിശോധനാ ഫലവും നെഗറ്റീവായതോടെ കേരളത്തില്‍ രോഗമുക്തി നേടുന്ന നാലാമത്തെയാളാണിത്. ഇയാളുടെ രോഗം മാറിയെങ്കിലും 14 ദിവസം നിരീക്ഷണത്തിൽ തുടരും. ഇയാളുടെ മകൻ, ഭാര്യ ,അമ്മ, ചികിത്സിച്ച ഡോക്ടർ എന്നിവർക്ക് രോഗം പിടിപെട്ടിട്ടില്ലെന്ന് നേരത്തെ സ്ഥിരീകരിച്ചിരുന്നു. ദുബായിൽ നിന്നെത്തിയ രോഗിയുമായി അടുത്ത് ഇടപെഴകിയവരാണ് ഇവര്‍.
44 കാരനായ ഇയാളെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ദുബായില്‍ ടാക്‌സി ഡ്രൈവറായിരുന്ന ഇയാള്‍ മാര്‍ച്ച് മൂന്നിന് പനിയും തൊണ്ടവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അവിടെയുള്ള ക്ലിനിക്കില്‍ ചികിത്സ തേടിയിരുന്നു. തുടര്‍ന്ന് മാര്‍ച്ച് അഞ്ചിന് രാത്രി ഒമ്പതിന് സ്‌പൈസ് ജെറ്റ് വിമാനത്തിലാണ് കോഴിക്കോട് ഇറങ്ങിയത്.
ടാക്‌സിയില്‍ കുടുംബത്തോടൊപ്പം കണ്ണൂരിലേക്ക് വരുന്നവഴിയില്‍ കൊണ്ടോട്ടിയില്‍ ഒരു ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചു. പ്രദേശത്തെ ഒരു ക്ലിനിക്കില്‍ പരിശോധനക്ക് ശേഷമാണ് ഏഴാം തീയതി പരിയാരം മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റായത്. നാല് ദിവസം കഴിഞ്ഞ് പ്രകടമായ രോഗലക്ഷണങ്ങള്‍ ഇല്ലാത്തതിനാല്‍ ഇയാളെ ഡിസ്ചാര്‍ജ് ചെയ്തു. പിന്നീട് വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയവെ ഇയാള്‍ക്ക് രോഗം സ്ഥിരീകരിക്കുകയായിരുന്നു.