കണ്ണൂര്‍ : സ്വര്‍ണ്ണക്കള്ളക്കടത്ത് കേസില്‍ യു.ഡി.എഫ് നേതാക്കള്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന് പ്രവചിക്കാനാവില്ലെന്ന് കണ്ണൂര്‍ എം.പിയും കോണ്‍ഗ്രസ് നേതാവുമായ കെ.സുധാകരന്‍. ആരെങ്കിലും ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ ഇപ്പോഴത്തേതിന് സമാനമായ നിലപാട് തന്നെയാകും സ്വീകരിക്കുകയെന്നും സുധാകരന്‍ പറഞ്ഞു.
സോളാര്‍ കേസില്‍ ഉമ്മന്‍ ചാണ്ടിയെ പരിഹസിച്ച പിണറായി, സ്വപ്നയെ എവിടെയൊക്കെ കൊണ്ടു നടന്നു. മുഖ്യമന്ത്രിയുടെ മുന്നിലും പിന്നിലും വശങ്ങളിലും ഒക്കെ സ്വപ്ന നില്‍ക്കുന്ന ഫോട്ടോ പുറത്തു വന്നിട്ടും സ്വപ്നയയെ അറിയില്ലെന്ന് പറയുന്ന മുഖ്യമന്ത്രിയുടെ തൊലിക്കട്ടി സമ്മതിക്കണമെന്നും സുധാകരന്‍ പരിഹസിച്ചു.
മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ പഴയ എസ്.എഫ്.ഐക്കാരന്‍ ആണെന്നും സുധാകരന്‍ പറഞ്ഞു. ഇദ്ദേഹം കെ.എസ്.ഇ.ബി ചെയര്‍മാനായ സമയത്താണ് എസ്‌എന്‍സി ലാവ്ലിന്‍ കരാറിലെ സുപ്രധാന ഫയലുകള്‍ നഷ്ടപ്പെട്ടതെന്നും സുധാകരന്‍ ആരോപിച്ചു.
അഭിമാന ബോധം ഉണ്ടെങ്കില്‍ പിണറായി രാജിവെയ്ക്കണം. പത്തുകൊല്ലം മുന്‍പായിരുന്നെങ്കില്‍ മുഖ്യമന്ത്രിയെ സി.പി.എം നേതൃത്വം തന്നെ രാജിവെപ്പിച്ചേനെ. സിപിഎം നേതൃത്വം കഴിവ് കെട്ടവരായെന്നും സുധാകരന്‍ പറഞ്ഞു.
സ്വപ്നയെ നാടുവിടാന്‍ കേരള ഡി.ജി.പി ലോക്നാഥ് ബഹറ സഹായിച്ചുവെന്നും സുധാകരന്‍ ആരോപിച്ചു. വേണ്ടിവന്നാല്‍ കോവിഡ് നിയന്ത്രണം ലംഘിക്കുമെന്ന് പറഞ്ഞതില്‍ ഉറച്ച് നില്‍ക്കുന്നു. ഉമ്മാക്കി കാണിച്ച് ഭയപ്പെടുത്താന്‍ മന്ത്രി കെ.കെ ശൈലജ നോക്കേണ്ടെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.