കണ്ണൂര്‍ : കണ്ണൂര്‍ പരിയാരം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പിജി വിദ്യാര്‍ത്ഥികളുടെ കോഷന്‍ ഡെപ്പോസിറ്റ് വ്യാജ ഒപ്പിട്ട് തട്ടിയെടുത്തതായി പരാതി. കോഴ്സ് കഴിഞ്ഞ് മടങ്ങുമ്പോള്‍ തിരികെ നല്‍കേണ്ട പതിനയ്യായിരം രൂപ നൂറിലേറെ വിദ്യാര്‍ത്ഥികള്‍ക്ക് കിട്ടിയില്ലെന്നാണ് ആക്ഷേപം. ജീവനക്കാര്‍ക്കെതിരെ ഉയര്‍ന്ന ആരോപണം മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ പരിശോധിക്കും.
രണ്ടുവര്‍ഷം മുന്‍പ് പിജി പൂര്‍ത്തിയാക്കിയ വനിത ഡോക്ടര്‍ കോഷന്‍ ഡിപ്പോസിറ്റായ പതിനയ്യായിരം രൂപ തിരികെ ആവശ്യപ്പെട്ടുകൊണ്ട് പല തവണ മെഡിക്കല്‍ കോളേജ് അക്കൗണ്ട്സ് വിഭാഗത്തെ സമീപിച്ചു. പണം കിട്ടാതെവന്നതോടെ കഴിഞ്ഞ ദിവസം പ്രിന്‍സിപ്പലിനെ വിളിച്ചു. അപ്പോഴാണ് വനിത ഡോക്ടര്‍ പണം നേരത്തെ കൈപ്പറ്റി എന്ന് അക്കൗണ്ട്സില്‍ വ്യാജ രേഖ ഉണ്ടാക്കിയ കാര്യം വ്യക്തമാകുന്നത്.
പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ വാട്സാപ് കൂട്ടായ്മയില്‍ ഇക്കാര്യം ചര്‍ച്ച ആയപ്പോള്‍ 2010 മുതലിങ്ങോട്ട് നിരവധി പേര്‍ ഡിപ്പോസിറ്റ് പണം കിട്ടിയിട്ടില്ലെന്ന് വെളിപ്പെടുത്തി. ഇപ്പോള്‍ തമിഴ്നാട്ടില്‍ അസിസ്റ്റന്റ് പ്രൊഫസറായി ജോലിചെയ്യുന്ന അര്‍ജുന്‍ 2011ല്‍ പരിയാരത്ത് പഠിക്കുന്ന കാലയളവില്‍ നല്‍കിയ ഡെപ്പോസിറ്റ് പത്തുവര്‍ഷമിപ്പുറവും കിട്ടിയിട്ടില്ല എന്ന് വിശദമാക്കിയത്.
പൈസ കിട്ടാനുള്ള പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ കൂട്ടത്തോടെ പ്രിന്‍സിപ്പലിന് മെയിലക്കുകയാണിപ്പോള്‍. ബാങ്ക് അക്കൗണ്ട് വഴിയാണ് പണം നല്‍കാറുള്ളതെന്നും എന്താണുണ്ടായതെന്ന് മെഡിക്കല്‍ കോളേജ് അക്കൗണ്ട്സ് വിഭാഗത്തോട് വിശദീകരണം ചോദിച്ചിട്ടുണ്ടെന്നും പ്രിന്‍സിപ്പല്‍ പറയുന്നു. സംഭവത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് പ്രദേശത്തെ പൊതുപ്രവര്‍ത്തകനായ കെ.പി മൊയ്തു എന്നയാള്‍ മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും വിജിലന്‍സിനും പരാതിഅയച്ചു.