കണ്ണൂര്‍: കൊവിഡ് ബാധിച്ച് പരിയാരം മെഡിക്കല്‍ കോളേജില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലുള്ള ചെറുവാഞ്ചേരി സ്വദേശിയായ 81കാരന്റെ കുടുംബത്തിലെ മൂന്ന് പേര്‍ക്ക് കൂടി കൊവിഡ്. ഇവരില്‍ ഒരാള്‍ പതിനൊന്ന് വയസുകാരനാണ്. തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തത് വഴി കൊവിഡ് സ്ഥിരീകരിച്ച മാടായി സ്വദേശി നിരവധി സ്ഥലങ്ങളില്‍ യാത്ര ചെയ്തിട്ടുണ്ടെന്ന് ജില്ലാ ഭരണകൂടം അറിയിക്കുന്നു.
പരിയാരം മെഡിക്കല്‍ കോളേജില്‍ മൂന്ന് ദിവസമായി ഗുരുതരാവസ്ഥയില്‍ കഴിയുന്ന 81 വയസുകാരന് രോഗം ബാധിച്ചത് വിദേശത്ത് നിന്നെത്തിയ പേരക്കുട്ടിയില്‍ നിന്നാണ്. മാര്‍ച്ച് 15ന് ഷാര്‍ജയില്‍ നിന്നെത്തിയ പതിനൊന്നുകാരന്റെ രണ്ട് അമ്മാവന്മാര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു. എന്നാല്‍ പതിനൊന്നുകാരനൊപ്പമെത്തിയ അമ്മക്കും അനിയനും ഇതുവരെ രോഗബാധയില്ല.
ചെറുവാഞ്ചേരിയിലെ ഈ കൂട്ടുകുടുംബത്തില്‍ പതിനേഴ് പേരുണ്ടായിരുന്നതിനാല്‍ ഇവരുമായി ബന്ധപ്പെട്ട എല്ലാവരേയും നിരീക്ഷണത്തിലാക്കി. രോഗം സ്ഥിരീകരിച്ച മാടായി സ്വദേശി തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത് മാര്‍ച്ച് പത്തിന് ട്രെയിനിലാണ് തിരിച്ചെത്തിയത്. ഇയാള്‍ പിന്നീട് കണ്ണൂരില്‍ പലസ്ഥലങ്ങളിലും യാത്ര ചെയ്തു. ഇയാളുടെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കുക ദുഷ്‌കരമാകും.