കണ്ണൂര്‍: കണ്ണൂര്‍ ട്രെയിന്‍ തീവെപ്പ് കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത പശ്ചിമ ബംഗാള്‍ സ്വദേശി പുഷന്‍ജിത് സിദ്ഗര്‍ തന്നെയെന്ന് ഐജി നീരജ് ഗുപ്ത. മൂന്ന് ദിവസം മുന്‍പാണ് പ്രതി തലശേരിയില്‍ എത്തിയത്. അവിടെ നിന്നും കാല്‍ നടയായാണ് കണ്ണൂരിലെത്തിയത്. 40കാരനായ പുഷന്‍ജിത് സിദ്ഗര്‍ മുന്‍പ് കൊല്‍ക്കത്തയില്‍ ജോലി ചെയ്തിരുന്നു അതിന് ശേഷമാണ് കേരളത്തില്‍ വന്നത്. ഭിക്ഷയെടുക്കാന്‍ കഴിയാത്തതിലുള്ള നിരാശയാണ് ട്രെയിനിന് തീ വെക്കാന്‍ കാരണമെന്ന് പ്രതി മൊഴി നല്‍കിയതായും ഐജി പറഞ്ഞു. സാഹചര്യ തെളിവുകളുടെയും ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് ഇത്തരത്തിലൊരു നിഗമനത്തിലെത്തിയതെന്ന് ഐജി വ്യക്തമാക്കി.
സുരക്ഷ ഉദ്യോഗസ്ഥരോടുള്ള വിരോധമാണ് പ്രകോപനം ഉണ്ടാക്കിയതെന്നും പ്രതി വെളിപ്പെടുത്തിയതായാണ് പോലീസില്‍ നിന്നും ലഭിച്ച വിവരം. കസ്റ്റഡിയിലുള്ളയാള്‍ തീവെപ്പിന് തൊട്ട് മുന്‍പ് ട്രാക്കിന് പരിസരത്ത് ഉണ്ടായിരുന്നതായി സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായിരുന്നു. ഇയാളെ കണ്ടതായി ബിപിസിഎല്‍ സുരക്ഷ ജീവനക്കാരനും മൊഴി നല്‍കിയിട്ടുണ്ട്. എലത്തൂരില്‍ ആക്രമണമുണ്ടായ അതേ ട്രെയിനിനാണ് ഇന്നലെ പുലര്‍ച്ചെ തീപിടിച്ചത്. ആലപ്പുഴ-കണ്ണൂര്‍ എക്‌സിക്യുട്ടീവ് എക്‌സ്പ്രസിന്റെ ഒരു ബോഗി പൂര്‍ണമായും കത്തിനശിച്ചു. പുക ഉയര്‍ന്ന ഉടനെ ബോഗി വേര്‍പെടുത്തിയിരുന്നു.