കണ്ണൂര്‍ : കണ്ണൂര്‍ സര്‍വകലാശാലയിലെ പുസ്തകവിവാദത്തില്‍ പ്രതികരണവുമായി വൈസ് ചാന്‍സലര്‍ ഗോപിനാഥ് രവീന്ദ്രന്‍. പ്രതിഷേധം ഭയന്ന് തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ല. സര്‍വകലാശാലയുടെ പി.ജി സിലബസ് പിന്‍വലിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.
ഗോള്‍വാര്‍ക്കറും സവര്‍ക്കറുമാണ് ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ അടിസ്ഥാനം. ഇന്ത്യയിലെ രാഷ്ട്രീയപാര്‍ട്ടികളെ കുറിച്ച് പഠിക്കുമ്പോള്‍ ബി.ജെ.പിയുടെ വളര്‍ച്ച എന്തെന്ന് വിദ്യാര്‍ഥികള്‍ മനസിലാക്കണം. അതിനായാണ് സിലബസില്‍ പുസ്തകങ്ങള്‍ ഉള്‍പ്പെടുത്തിയതെന്നും വൈസ് ചാന്‍സലര്‍ പറഞ്ഞു. ഇവര്‍ക്കൊപ്പം മഹാത്മഗാന്ധി, ജവഹര്‍ലാല്‍ നെഹ്റു, അരബിന്ദോ എന്നിവരുടെ പുസ്തകങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പുസ്തകം പഠിപ്പിക്കാന്‍ അനുവദിക്കില്ലെന്നത് താലിബാന്‍ രീതിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എം.എസ് ഗോള്‍വാള്‍ക്കറുടെ ‘നാം അഥവാ നമ്മുടെ ദേശീയത്വം നിര്‍വ്വചിക്കപ്പെടുന്നു’ (വീ ഔര്‍ നാഷന്‍ഹുഡ് ഡിഫൈന്‍സ്), വിചാരധര (ബഞ്ച് ഓഫ് തോട്ട്സ്), വി.ഡി സവര്‍ക്കറുടെ ‘ആരാണ് ഹിന്ദു’ എന്നീ പുസ്തകങ്ങളാണ് സിലബസില്‍ ഉള്‍പ്പെടുത്തിയിരുന്നത്. അക്കാദമിക പുസ്തകങ്ങളായി പരിഗണിക്കാത്ത വര്‍ഗീയ പരാമര്‍ശങ്ങളുള്ള കൃതികളാണ് ഇവയെന്ന ആക്ഷേപം ശക്തമായിരിക്കെയാണ് പി.ജി സിലബസ്സില്‍ ഉള്‍പ്പെടുത്തിയിരുന്നത്.
എം.എ ഗവേണന്‍സ് ആന്‍ഡ് പൊളിറ്റിക്കല്‍ സയന്‍സ് പി.ജി മൂന്നാം സെമസ്റ്ററിലാണ് വിവാദ പഠഭാഗങ്ങള്‍ ഉള്ളത്. ബോര്‍ഡ് ഓഫ് സ്റ്റഡീസ് രൂപവത്കരിക്കാതെ സിലബസ് തയ്യാറാക്കി എന്ന ആക്ഷേപവും സിലബസിനെതിരെ ഉയര്‍ന്നിരുന്നു. ഗവേണന്‍സ് മുഖ്യഘടകമായ കോഴ്സില്‍ സിലബസ് നിര്‍മിച്ച അധ്യാപകരുടെ താല്‍പര്യം മാത്രം പരിഗണിച്ചാണ് പേപ്പറുകള്‍ തീരുമാനിച്ചത്. സിലബസ് രൂപവത്കരണത്തില്‍ വേണ്ട ചര്‍ച്ചകള്‍ ഒന്നും നടന്നിട്ടില്ല. മറ്റ് അധ്യാപകര്‍ നിര്‍ദ്ദേശിച്ച പേപ്പറുകളെല്ലാം തള്ളി കളഞ്ഞ് സ്വന്തം ഇഷ്ടപ്രകാരമാണ് കമ്മിറ്റി പാഠ്യ പദ്ധതി തീരുമാനിച്ചത്.
എം.എ പൊളിറ്റിക്കല്‍ സയന്‍സ് ആയിരുന്ന പി.ജി കോഴ്സ് ഈ വര്‍ഷം മുതലാണ് എം.എ ഗവേണന്‍സ് ആന്‍ഡ് പൊളിറ്റിക്കല്‍ സയന്‍സ് ആയി മാറിയത്. ഇന്ത്യയില്‍ തന്നെ ഈ കോഴ്സ് കണ്ണൂര്‍ സര്‍വകലാശാലക്ക് കീഴിലെ ബ്രണ്ണന്‍ കോളജില്‍ മാത്രമേ ഉള്ളൂ എന്നതിനാല്‍ ഇതിന്‍റെ സാധ്യതകളെക്കുറിച്ച് വിദ്യാര്‍ഥികള്‍ ആശങ്കപ്പെടുന്ന സാഹചര്യത്തിലാണ് ഇത്തരം സംഘപരിവാര്‍ ആശയ പ്രചാരണവുമായി സിലബസില്‍ അടക്കം കൃത്യമായ ഇടപെടല്‍ നടത്താന്‍ അധികൃതര്‍ ശ്രമിക്കുന്നത്.
2021 ജനുവരി 15 ന് ആരംഭിച്ച കോഴ്സിന്‍റെ ആദ്യ സെമസ്റ്റര്‍ സിലബസ് പ്രസിദ്ധീകരിച്ചത് ജനുവരി 30 നാണ്. ഇന്ത്യയില്‍ മറ്റൊരിടത്തും സമാനമായ കോഴ്സ് ഇല്ല. അസിം പ്രേംജി സര്‍വകലാശാലയില്‍ എ.എ പബ്ലിക് പോളിസി ആന്‍റ് ഗവേണന്‍സ് ഉണ്ട്. സംഭവത്തില്‍ വിദ്യാര്‍ഥി സംഘടനകളുടെയടക്കം വ്യാപക പ്രതിഷേധം ഉയര്‍ന്നിരിക്കുകയാണ്.