ലക്‌നൗ : കാന്‍പൂരില്‍ ഏറ്റുമുട്ടലിനിടെ കൊല്ലപ്പെട്ട പോലീസ് ഉദ്യോഗസ്ഥരുടെ മൃതദേഹങ്ങള്‍ കത്തിച്ചു കളയാന്‍ വികാസ് ദുബൈ പദ്ധതിയിട്ടിരുന്നതായി പോലീസ്. അന്വേഷണ സംഘത്തിന് തെളിവ് ലഭിക്കാതിരിക്കാന്‍ അഞ്ച് ഉദ്യോഗസ്ഥരുടെ മൃതദേഹങ്ങള്‍ കത്തിക്കാന്‍ തീരുമാനിച്ചതായി വികാസ് ദുബൈ വെളിപ്പെടുത്തിയെന്ന് പോലീസ് പറഞ്ഞു. ഇതിനായി ഓയില്‍ ഉള്‍പ്പെടെ ദുബൈ തയ്യാറാക്കി വെച്ചിരുന്നു എന്നും പോലീസ് വ്യക്തമാക്കി.
മദ്ധ്യപ്രദേശില്‍ അറസ്റ്റിലായ വികാസ് ദുബൈയെ നിലവില്‍ അന്വേഷണ സംഘം ചോദ്യം ചെയ്യുകയാണ്. ചോദ്യം ചെയ്യലിലാണ് ദുബൈ പോലീസിനു മുന്‍പാകെ നിര്‍ണ്ണായ വെളിപ്പെടുത്തലുകള്‍ നടത്തിയത്. സംഭവശേഷം കൊല്ലപ്പെട്ട പോലീസ് ഉദ്യോഗസ്ഥരുടെ മൃതദേഹങ്ങള്‍ ദുബൈ ഒന്നിന് മുകളില്‍ ഒന്നായി അടുക്കിയിരുന്നു. ഓയിലും തീപ്പെട്ടിയും ഉള്‍പ്പെടെ മൃതദേഹങ്ങള്‍ കത്തിക്കാന്‍ തയ്യാറാക്കിയിരുന്നു. എന്നാല്‍ പോലീസ് എത്തുമെന്ന വിവരം ലഭിച്ചതോടെ ദുബൈ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു എന്നും പോലീസ് വ്യക്തമാക്കി.
റെയ്ഡിനായി ഒളിത്താവളത്തില്‍ പോലീസ് എത്തുമെന്ന രഹസ്യവിവരം ദുബൈക്ക് കൈമാറിയത് പോലീസ് ഉദ്യോഗസ്ഥര്‍ തന്നെയാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് തോക്കുകള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങളുമായി ദുബൈയും മറ്റു ഗുണ്ടകളും സങ്കേതത്തില്‍ തക്കംപാര്‍ത്തിരുന്നത്. പോലീസ് ഏറ്റുമുട്ടലില്‍ തന്നെ വധിക്കുമോ എന്ന് ദുബൈ ഭയപ്പെട്ടിരുന്നു. അതിനാലാണ് ഇത്തരത്തില്‍ ഒളിഞ്ഞിരുന്ന് ആക്രമണം നടത്തിയതെന്നും പ്രതി പോലീസിനോട് പറഞ്ഞു. സംഭവശേഷം പോലീസ് ഉദ്യോഗസ്ഥരില്‍ നിന്നും മോഷ്ടിച്ച തോക്കുകളും ആയുധങ്ങളും ഇവര്‍ രഹസ്യമായി ഒളിപ്പിച്ചിരിക്കയാണ്. ഈ സ്ഥലത്തെക്കുറിച്ചുള്ള വിവരങ്ങളും ദുബൈ വെളിപ്പെടുത്തിയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.