കറാച്ചി: വിനോദ സഞ്ചാരികൾക്ക് ഏറ്റവും സുരക്ഷിതമല്ലാത്ത രണ്ടാമത്തെ നഗരമായി പാക്കിസ്ഥാനിലെ കറാച്ചി. അടുത്തിടെ പുറത്തിറക്കിയ ഫോബ്സ് മുന്നറിയിപ്പ് പട്ടികയിലാണ് ഇക്കാര്യമുള്ളത്. നൂറിൽ 93.12 റേറ്റിംഗ് ആണ് ഈ പാകിസ്ഥാനി നഗരത്തിനുള്ളതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടിലുള്ളത്.ജൂലായ് പതിനൊന്നിനാണ് ഫോബ്സ് പട്ടിക പുറത്തിറക്കിയത്. ഇതുപ്രകാരം വെനുസ്വലയിലെ കറാക്കസാണ് വിനോദ സഞ്ചാരികൾക്ക് ഏറ്റവും സുരക്ഷിതമല്ലാത്ത ആദ്യ നഗരം. നൂറിൽ നൂറാണ് റേറ്റിംഗ്. രണ്ട് കറാച്ചി. മൂന്നാം സ്ഥാനത്ത് മ്യാൻമറിലെ യാംഗോൺ ആണ്. നൂറിൽ 91.67 ആണ് റേറ്റിംഗ്.
കുറ്റകൃത്യങ്ങൾ, അക്രമം, വിനോദ സഞ്ചാരികൾക്ക് നേരെയുള്ള തീവ്രവാദ ഭീഷണികൾ, പ്രകൃതി ദുരന്തങ്ങൾ, സാമ്പത്തിക പരാധീനതകൾ എന്നിവയെല്ലാം കണക്കിലെടുത്താണ് ഫോബ്സ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. യാത്രാ സുരക്ഷാ റേറ്റിംഗിൽ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിന്റെ കണ്ണിലും കറാച്ചി സുരക്ഷയില്ലാത്ത നഗരമാണ്.നഗര, അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യതയും ഗുണനിലവാരവും പ്രതിഫലിപ്പിക്കുന്ന ഇൻഫ്രാസ്ട്രക്ചർ സുരക്ഷയിലും അപകടസാദ്ധ്യതയുള്ള നഗരമാണ് കറാച്ചിയെന്ന് റിപ്പോർട്ട് പറയുന്നു.