പത്തനംതിട്ട : അഞ്ചല്‍ ഭാരതീപുരത്ത് കൊല്ലപ്പെട്ട ഷാജി പീറ്ററിന്റെ ബന്ധു കൈമാറിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പത്തനംതിട്ട ഡിവൈഎസ്പി എ.പ്രദീപ്കുമാര്‍ നടത്തിയ ഇടപെടലാണു കൊലപാതകത്തിന്റെ ചുരുളഴിച്ചത്.
കൊല്ലപ്പെട്ട ഷാജി മദ്യലഹരിയില്‍ അപമര്യാദയായി പെരുമാറാന്‍ ശ്രമിച്ചതിനെ അമ്മ പൊന്നമ്മയും സഹോദരന്‍ സജിനും സജിന്റെ ഭാര്യയും ചേര്‍ന്നു ചെറുത്തു. തുടര്‍ന്നു ഷാജിയെ അടിച്ചു വീഴ്ത്തി. മാരകമായ മര്‍ദനത്തെ തുടര്‍ന്ന് ഷാജി കൊല്ലപ്പെട്ടു. ഇവിടെ കിണര്‍ കുഴിക്കുന്ന പണി നടക്കുന്നുണ്ടായിരുന്നു. ഇതിനു സമീപം കുഴിയെടുത്ത് കിണറ്റില്‍ നിന്ന് എടുത്ത മണ്ണിട്ടു ഷാജിയെ മറവു ചെയ്യുകയായിരുന്നു എന്നാണു ബന്ധു വഴി ലഭിച്ച വിവരം.
ഒരു ദിവസം പൊന്നമ്മയും മരുമകളും തമ്മിലുണ്ടായ വഴക്കിനിടെ ഷാജിയുടെ കൊലപാതകത്തില്‍ അന്യോന്യം ഇരുവരും കുറ്റപ്പെടുത്തി. ഇത് ഇവിടെ ഒളിവില്‍ കഴിഞ്ഞ ബന്ധു കേട്ടതാണു കൊലപാതകത്തിന്റെ ചുരുളഴിക്കാന്‍ സഹായകമായത്.
പ്രദേശവാസികള്‍ക്കു പേടിസ്വപ്നമായിരുന്നു ഷാജി പീറ്റര്‍. കരടി ഷാജി എന്നതായിരുന്നു ഇരട്ടപ്പേര്. വീട്ടുപകരണങ്ങള്‍ മുതല്‍ കന്നുകാലികളെ വരെ മോഷ്ടിക്കുക ഷാജിയുടെ പതിവായിരുന്നതായി പോലീസ് പറയുന്നു. പോത്തുകളെയും മറ്റും മോഷ്ടിച്ച് അറവുശാലകളില്‍ വില്‍ക്കും. കിട്ടുന്ന കാശിനു മദ്യപാനവും പിന്നെ അടിപിടിയും
അടിപിടി, മോഷണക്കേസുകളില്‍ പ്രതിയായ ഷാജി ഒളിവില്‍ പോകുക പതിവായതിനാല്‍ ഇയാളെ കാണാതായതില്‍ ആര്‍ക്കും സംശയമുണ്ടായില്ല. വീട്ടുകാര്‍ പോലീസില്‍ പരാതിപ്പെട്ടുമില്ല. കേസന്വേഷണത്തിന്റെ ഭാഗമായി ഷാജിയെത്തേടി പോലീസ് എത്തിയെങ്കിലും വീട്ടുകാര്‍ വ്യക്തമായ മറുപടി നല്‍കിയില്ല. വീടുവിട്ടു പോയെന്നും വടക്കന്‍ കേരളത്തിലെവിടെയോ ഒളിവില്‍ താമസിക്കുന്നതായാണു വിവരമെന്നുമാണു പൊന്നമ്മയും സജിനും പറഞ്ഞത്.
പൊന്നമ്മയും സജിന്റെ ഭാര്യയുമായുണ്ടായ വഴക്കിനിടെ കൊലപാതകവിവരം പരാമര്‍ശിച്ചത് ഇവിടെ ഒളിവില്‍ കഴിഞ്ഞ ബന്ധു കേള്‍ക്കുകയായിരുന്നു. ഇയാള്‍ കഴിഞ്ഞ ദിവസം പത്തനംതിട്ടയിലെ പോലീസ് ഉദ്യോഗസ്ഥനെ കണ്ട് കേട്ടകാര്യം അറിയിച്ചു. തുടര്‍ന്നു നടത്തിയ അന്വേഷണമാണു പ്രതികളെ കുടുക്കിയത്. നാട്ടില്‍ സ്ഥിരം പ്രശ്നക്കാരനായ ഷാജി വീട്ടിലും നിരന്തരം അക്രമം കാട്ടിയിരുന്നതായി മാതാവും സഹോദരനും മൊഴി നല്‍കിയതായി പോലീസ് പറയുന്നു. സജിന്റെ ഭാര്യ പോലീസ് നിരീക്ഷണത്തിലാണ്.
റബര്‍ തോട്ടങ്ങളുടെ നടുവില്‍ ഒറ്റപ്പെട്ട സ്ഥലത്താണ് ഷാജിയുടെ വീട്. അതിനാല്‍ ഇവിടെ നടക്കുന്ന സംഭവങ്ങള്‍ പുറംലോകം അറിഞ്ഞിരുന്നില്ല. വാഹനങ്ങളില്‍ ഇവിടെ എത്തിപ്പെടുക ഏറെ ദുഷ്കരമാണ്. റോഡില്‍ നിന്ന് അരക്കിലോമീറ്ററോളം നടന്നു കുത്തനെയുള്ള കയറ്റവും ഇറക്കവും താണ്ടി വേണം വീട്ടിലേക്കെത്താന്‍. സജിന്‍ പീറ്റര്‍, മാതാവ് പൊന്നമ്മ, സജിന്റെ ഭാര്യ, രണ്ടു വയസ്സുള്ള കുട്ടി എന്നിവരാണ് ഇവിടെ താമസിച്ചിരുന്നത്.
അടിയേറ്റു വീണ ഷാജി പീറ്ററിന്റെ മരണം ഉറപ്പായെങ്കിലും മൃതദേഹം കുഴിച്ചിടാന്‍ മാതാവും സഹോദരനും കാത്തിരുന്നത് ഏകദേശം നാലു മണിക്കൂറിലേറെ. ഉച്ച കഴിഞ്ഞു 2 മണിയോടെ വീട്ടില്‍ ഉണ്ടായ പ്രശ്നങ്ങളെത്തുടര്‍ന്നാണു ഷാജി കൊല്ലപ്പെട്ടതെന്നാണ് പോലീസ് പറയുന്നത്. പകല്‍ മൃതദേഹം ഒളിപ്പിക്കാന്‍ മാര്‍ഗമില്ലാതെ മാതാവും സഹോദരനും കുഴങ്ങി. സന്ധ്യ ആയതോടെ കുഴിച്ചിടാന്‍ തീരുമാനിച്ചു. വീടിന് അടുത്തുള്ള കിണറിനു സമീപത്തെ ഇളകിയ മണ്ണില്‍ ആഴത്തില്‍ കുഴിയെടുക്കാനും മൃതദേഹം കുഴിച്ചിടാനും പിന്നെയും സമയം വേണ്ടിവന്നു. ഏഴരയോടെയാണ് ഇതു പൂര്‍ത്തിയായത്. ഇക്കാര്യങ്ങളില്‍ മറ്റാരെങ്കിലും സഹായിച്ചോയെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്.