തിരുവനന്തപുരം : കരമന -കളിയിക്കാവിള ദേശീയപാതാ വികസനത്തിലെ ആദ്യ അലൈൻമെന്‍റ് തന്നെ വർഷങ്ങൾക്ക് മുമ്പ് അട്ടിമറിക്കപ്പെട്ടു. ബാലരാമപുരം ജംഗ്ഷൻ കഴിഞ്ഞുള്ള വഴിമുക്ക് വരെയുള്ള സ്ഥലം വരെ നിര്‍മ്മാണം പൂര്‍ത്തിയാക്കാനായിരുന്നു ആദ്യം നിശ്ചയിച്ചത്. പിന്നീട് ബാലരാമപുരത്തിന് മുൻപുള്ള കൊടിനട വെച്ച് വികസനം അവസാനിപ്പിച്ചു. ഇതിൽ ഗൂഡാലോചനയുണ്ടെന്നാണ് ആക്ഷൻ കൗൺസിലിൻറെ ആരോപണം.
ദേശീയപാതയുടെ ചുമതലയുള്ള സംസ്ഥാന പൊതുമരാമത്ത് വകുപ്പിലെ ചീഫ് എഞ്ചിനീയര്‍ 2012 ല്‍ അംഗീകരിച്ച അലൈൻമെന്‍റിൽ നീറമണ്‍കര മുതല്‍ വഴിമുക്ക് വരെയാണ് പാത വികസനം. അതായത് ഇപ്പോള്‍ ജംഗ്ഷൻ കഴിഞ്ഞ് വരുന്ന സ്ഥലം വരെ. എന്നാല്‍ റോഡ് വീതി കൂട്ടിയപ്പോള്‍ ബാലരാമപുരം എത്തുന്നതിന് മുൻപ് വെച്ച് പണി നിര്‍ത്തി. ഇക്കഴിഞ്ഞ നിമയസഭാ തെരഞ്ഞെടുപ്പിന് തൊട്ട് മുൻപാണ് പണി കൊടിനടവരെ വെച്ച് അവസാനിപ്പിക്കാൻ സര്‍ക്കാര്‍ തീരുമാനിച്ചത്. സ്ഥലമെറ്റെടുക്കലിലെ സാങ്കേതിക പ്രശ്നം കാരണമാണ് അലൈൻമെന്‍റില്‍ മാറ്റം വരുത്തേണ്ടി വന്നതെന്നാണ് പൊതുമരാമത്ത് വകുപ്പിന്‍റെ വിശദീകരണം.
വഴിമുക്ക് മുതല്‍ കളിയിക്കാവിള വരെ അലൈൻമെന്‍റ് തയ്യാറായെന്ന് പൊതുമരാമത്ത് മന്ത്രി നിയമസഭയില്‍ പറഞ്ഞെങ്കിലും ഇതുവരെ അത് പുറത്ത് വിട്ടിട്ടില്ല. ബാലരാമപുരം ജംഗ്ഷനില്‍ വിഴിഞ്ഞം കാട്ടാക്കട റൂട്ടില്‍ ഒരു അണ്ടര്‍പാസിന് നേരത്തെ ആലോചനയുണ്ടായിരുന്നു. അതും പിന്നെ ഒഴിവാക്കി. അതായത് പല തരം സമ്മർദ്ദങ്ങൾക്ക് വഴങ്ങി സർക്കാർ തന്നെ തരാതരം പോലെ അലൈൻമെൻറ് മാറ്റിമറിച്ചതോടെയാണ് കരമന-കളിയിക്കാവിള പാതാ വികസനം ഇങ്ങിനെ വഴിമുട്ടാൻ കാരണം.