കോഴിക്കോട് : കൊടുവള്ളി എംഎല്‍എ കാരാട്ട് റസാഖ് മാതൃസംഘടനയായ മുസ്ലീംലീഗിലേക്ക് മടങ്ങാനൊരുങ്ങുന്നു. ഇതുസംബന്ധിച്ച് കാരാട്ട് റസാഖ് ചില ലീഗ് നേതാക്കളുമായി ചര്‍ച്ച നടത്തിയെന്നാണ് സൂചന.
2016ല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ലീഗ് ജില്ലാ സെക്രട്ടറിയായിരുന്ന എം എ റസാഖിന് സീറ്റു നല്‍കിയതില്‍ പ്രതിഷേധിച്ചാണ് ലീഗിലെ പദവികള്‍ രാജിവെച്ച് കാരാട്ട് റസാഖ് ഇടതു സ്വതന്ത്രനായത്. മുസ്ലീംലീഗ് കൊടുവള്ളി നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറിയായിരുന്നു കാരാട്ട് റസാഖ്. വാശിയേറിയ പോരാട്ടത്തില്‍ 573 വോട്ടിനായിരുന്നു റസാഖ് വിജയിച്ചത്. എന്നാല്‍ കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും തദ്ദേശ തെരഞ്ഞെടുപ്പിലും യുഡിഎഫ് ഇവിടെ ഭൂരിപക്ഷം നേടി. തദ്ദേശ തെരഞ്ഞെടുപ്പില്‍ 7000ത്തിലേറെ വോട്ടുകളുടെ ലീഡാണ് യുഡിഎഫിനുള്ളത്. ഇതോടെയാണ് മടങ്ങിപ്പോക്കിനുള്ള നീക്കങ്ങള്‍ കാരാട്ട് റസാഖ് തുടങ്ങിയത്.
കാരാട്ട് റസാഖ് വന്നാല്‍ മണ്ഡലം കിട്ടുമെന്ന് മാത്രമല്ല, മറിച്ച് അടുത്തുള്ള ചില മണ്ഡലങ്ങളില്‍ കൂടി അതു ഗുണകരമാകുമെന്നാണ് ലീഗ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. അതുകൊണ്ടുതന്നെ കാരാട്ട് റസാഖിന്റെ മടങ്ങി വരവിനെ ഇവര്‍ അനുകൂലിക്കുകയും ചെയ്യുന്നു. എന്നാല്‍ പ്രാദേശിക നേതൃത്വം ഈ നിലപാടിനോട് യോജിക്കുന്നില്ല. സ്വര്‍ണക്കടത്ത് വിവാദത്തിലടക്കം ഉള്‍പ്പെട്ട കാരാട്ട് റസാഖിനെ തിരിച്ചു കൊണ്ടുവരുന്നത് ഗുണം ചെയ്യില്ലെന്നും ഇവര്‍ നിലപാടെടുക്കുന്നുണ്ട്. നിലവിലെ ചര്‍ച്ചകള്‍ കാരാട്ട് റസാഖ് മുന്‍കൈയ്യെടുത്താണ് നടക്കുന്നത്.