കോന്നി : കോന്നിയുടെ വിവിധ പ്രദേശങ്ങളില്‍ കരിഞ്ചെള്ള് ശല്ല്യം അതിരൂക്ഷമാകുന്നു. ആവോലിക്കുഴി, കൊക്കാത്തോട്, അപ്പൂപ്പൻതോട്, അരുവാപ്പുലം, പ്രമാടം തുടങ്ങി നിരവധി സ്ഥലങ്ങളിലാണ് കരിഞ്ചെള്ളുകൾ കൂട്ടത്തോടെയെത്തി ജനജീവിതം ദുസ്സഹമാക്കുന്നത്.
മാർച്ച്, ഏപ്രിൽ മാസങ്ങളിലാണ് ചെള്ളുകൾ കൂടുതലായും വർധിക്കുന്നത്. വീടിന്റെ മേച്ചിൽ ഓടുകൾക്കിടയിലും കോൺക്രീറ്റ് ഭിത്തികളിലും സ്ഥാനം പിടിക്കുന്ന ആയിരക്കണക്കിന് വരുന്ന ചെള്ളുകൾ മൂലം താമസിക്കാൻ പോലും പറ്റാത്ത അവസ്ഥയാണുള്ളത്. അടുക്കളയിൽ ആഹാര സാധനങ്ങൾ പാചകം ചെയ്ത് കഴിക്കുവാൻ പോലും സാധിക്കില്ലെന്ന് വീട്ടമ്മമാർ പറയുന്നു. ചെള്ളുകൾ പുറപ്പെടുവിക്കുന്ന രാസപദാർത്ഥം ശരീരത്തിൽ വീണാൽ അസഹ്യമായ നീറ്റലും പുകച്ചിലും ഉണ്ടാകാറുണ്ട്. കൂടാതെ വീടിനുള്ളിൽ കയറി പറ്റുന്ന കരിഞ്ചെള്ളുകൾ അസഹ്യമായ ദുർഗന്ധവും പുറപ്പെടുവിക്കുന്നു. മനുഷ്യർക്ക് മാത്രമല്ല വളർത്ത് മൃഗങ്ങൾക്കും കരിഞ്ചെള്ളുകൾ ഭീഷണിയാകുന്നുണ്ട്. പശുവിന്റെയും മറ്റും ശരീരത്തിൽ കയറി കൂടുന്ന ചെള്ളുകൾ ഇവയെ പലപ്പോഴും പരിഭ്രാന്തരാക്കാറുമുണ്ടെന്ന് ക്ഷീര കർഷകർ പറയുന്നു. മൂട്ടയെ പ്രതിരോധിക്കുന്ന മരുന്ന് വെള്ളത്തിൽ കലർത്തിയാണ് വീടുകളിലെ ചെള്ളുകളെ അകറ്റിയിരുന്നത്. എന്നാൽ ചെള്ള് അധികമായപ്പോൾ ഇതും രക്ഷയില്ലാതെയായി.
ചെള്ളുകളെ തുരത്തുവാൻ ബന്ധപ്പെട്ട അധികൃതരുടെ ഭാഗത്ത് നിന്നും യാതൊരു ഇടപെടീലും ഉണ്ടാകുന്നില്ലെന്നും ആക്ഷേപമുണ്ട്. മുപ്ലി വണ്ട്, ഓട്ടെരുമ, ഓലച്ചാത്തൻ, ഓലപ്രാണി, കരിഞ്ചെള്ള് എന്നിങ്ങനെ പലപേരുകളിൽ അറിയപ്പെടുന്ന ഈ ജീവികൾ റബ്ബർ തോട്ടങ്ങളിലാണ് കൂടുലായി കണ്ട് വരുന്നത്. ഡിസംബർ അവസാനത്തോടെ റബ്ബറിന്റെ ഇലപൊഴിയുന്ന സമയത്ത് തോട്ടങ്ങളിൽ പ്രത്യക്ഷപ്പെടുന്ന കരിഞ്ചെള്ളുകൾ റബ്ബറിൽ നിന്ന് പൊഴിഞ്ഞ് വീഴുന്ന വാടിയ തളിരിലകളാണ് ആഹാരമാക്കുന്നത്. റബ്ബർ തോട്ടങ്ങളിലെ കരിയിലകൾക്കടിയിലാണ് ഇവ മുട്ടയിടുന്നതും. ഒരു പെൺവണ്ട് പത്ത് മുതൽ പതിനഞ്ച് മുട്ടകൾ വരെ ഇടാറുണ്ട്. ഫെബ്രുവരി, മാർച്ച് മാസങ്ങളിലാണ് പ്രജനനം.