കോഴിക്കോട് : കരിപ്പൂർ വിമാനത്താവളത്തിൽ തകർന്ന എയർ ഇന്ത്യയുടെ എഎക്സ്ബി 1344 വിമാനം ലാൻഡ് ചെയ്യുന്നതിനു മുൻപ് ആശയക്കുഴപ്പമുണ്ടായിരുന്നതായി സൂചന. ഇന്ത്യൻ സമയം ഉച്ചയ്ക്ക് രണ്ടോടെ ദുബായിൽനിന്നു പുറപ്പെട്ട വിമാനം വൈകിട്ട് ഏഴരയോടെയായിരുന്നു കരിപ്പൂരിൽ ലാൻഡ് ചെയ്യേണ്ടിയിരുന്നത്. എന്നാൽ ആദ്യശ്രമത്തിൽ വിമാനത്തിന് ലാൻഡ് ചെയ്യാനായില്ലെന്ന് ഇതുമായി ബന്ധപ്പെട്ട് പുറത്തിറങ്ങിയ ദൃശ്യങ്ങൾ വ്യക്തമാക്കുന്നു. വിമാനങ്ങളുടെ സഞ്ചാരപഥം രേഖപ്പെടുത്തുന്ന ഫ്ലൈറ്റ് റഡാർ24 എന്ന വെബ് പ്ലാറ്റ്‌ഫോമിലെ ദൃശ്യങ്ങളിലാണ് ഇതു സംബന്ധിച്ച വിവരങ്ങളുള്ളത്.
ആദ്യശ്രമത്തിൽ 156 നോട്ട് വേഗതയിൽ 1975 അടി വരെ താഴ്ന്ന് വിമാനം പറന്നതായി ദൃശ്യങ്ങളിൽ വ്യക്തം. ഇത്രയും താഴേക്ക് വിമാനം പറക്കുന്നത് സാധാരണ ലാൻഡിങ്ങിനു വേണ്ടിയാണ്. എന്നാല്‍ ലാൻഡിങ്ങിനു ശ്രമിക്കാതെ വിമാനം വീണ്ടും ഉയരുകയായിരുന്നു. മഴ പ്രശ്നമായി എന്നാണു കരുതുന്നത്. തുടർന്ന് വീണ്ടും 7150 അടി വരെ ഉയരത്തിലേക്കു വിമാനം പറന്നു. ഏതാനും സമയം കഴിഞ്ഞാണ് വീണ്ടും ലാൻഡിങ്ങിന് ശ്രമിക്കുകയും റൺവേ 10 ൽ വന്നിറങ്ങുകയും ചെയ്തത്. വിമാനം ലാൻഡിങ്ങിനു മുൻപ് ആശയക്കുഴപ്പമുണ്ടായതായി യാത്രക്കാരും വ്യക്തമാക്കിയിട്ടുണ്ട്.
ആദ്യത്തെ തവണ ലാൻഡിങ് ശ്രമം എങ്ങനെയാണു പരാജയപ്പെട്ടത് എന്ന കാര്യത്തിൽ ഉൾപ്പെടെ വ്യക്തത വരാനുണ്ട്. സംഭവത്തിൽ മഴയാണു വില്ലനായതെന്നാണു വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. കാഴ്ച മറയ്ക്കും വിധം ശക്തമായ മഴ കാരണം വിമാനം റൺവേയിൽ ഇറങ്ങിയത് തെറ്റായിട്ടാകാമെന്ന് വ്യോമയാന മേഖലയിലെ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. മഴയിൽ കാഴ്ച മറഞ്ഞതാണു പ്രശ്നമായതെന്ന് ഡയറക്ടറേറ്റ് ഓഫ് സിവിൽ ഏവിയേഷനും വ്യക്തമാക്കിയിട്ടുണ്ട്. വിമാനാപകടത്തെപ്പറ്റി എയർ ആക്സിഡന്റ്സ് ഇൻവെസ്റ്റിഗേഷന്‍ ബ്രാഞ്ച്(എഎഐബി) നടത്തുന്ന അന്വേഷണത്തിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാകുമെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു.