ഓച്ചിറ : പരബ്രഹ്മക്ഷേത്രത്തിൽ രാമായണമാസാചരണത്തിന്‍റെ ഭാഗമായി നടത്തുന്ന പ്രസിദ്ധമായ കർക്കടകസദ്യക്ക് ചൊവ്വാഴ്ച തുടക്കമാകും. ഓഗസ്റ്റ് 16-ന് സമാപിക്കും. ചൊവ്വാഴ്ച രാവിലെ ഒൻപതിന് തൃശ്ശൂർ അമരിപ്പാടം ശ്രീഗുരുനാരായണാശ്രമം മഠാധിപതി സ്വാമി ബ്രഹ്മാസ്വരൂപാനന്ദ രാമായണമാസാചരണത്തിന്റെയും കർക്കടകസദ്യയുടെയും ഉദ്ഘാടനം നിർവഹിക്കും. ക്ഷേത്രഭരണസമിതി പ്രസിഡന്റ് ജി.സത്യൻ അധ്യക്ഷത വഹിക്കും. തിരുവിതാംകൂർ, കൊച്ചിൻ ദേവസ്വം മുൻ കമ്മിഷണർ എം.ഹർഷൻ മുഖ്യപ്രഭാഷണം നടത്തും.
12-ന് രാമായണമാസാചരണത്തിന്റെ ഭാഗമയുള്ള പ്രഭാഷണപരമ്പരയുടെ ഉദ്ഘാടനം പള്ളിക്കൽ സുനിൽ നിർവഹിക്കും. ഒരേസമയം രണ്ടായിരത്തോളം പേർക്ക് ഇരുന്നു കഴിക്കാൻ കഴിയുന്ന കൂറ്റൻ പന്തലിന്റെയും വെയിലും മഴയുമേൽക്കാതെ ഭക്തർക്ക് വരിനിൽക്കാൻ സൗകര്യമൊരുക്കുന്ന അനുബന്ധ പന്തലിന്റെയും നിർമാണം പൂർത്തിയായി. 1,500 മുതൽ 2000 കിലോഗ്രാംവരെ അരിയാണ് ഒരുദിവസം സദ്യക്കായി ഉപയോഗിക്കുക. 15,000 മുതൽ 20,000 വരെ ഭക്തർ ദിവസവുംസദ്യയിൽ പങ്കെടുക്കും. കണ്ണാടിയിൽ മുരളീധരൻ പിള്ളയുടെ നേതൃത്വത്തിൽ 60 അംഗസംഘമാണ് സദ്യ ഒരുക്കുന്നത്. നാലു കൗണ്ടറുകളിലായി ദിവസവും ഉച്ചയ്ക്ക് 12 മുതൽ മൂന്നുവരെയാണ് ഭക്ഷണം വിളമ്പുക. സദ്യക്കാവശ്യമായ അരിയും മറ്റ് സാധനങ്ങളും ക്ഷേത്രത്തിൽ കാണിക്കയായി സമർപ്പിക്കാം. ഇതിനായി പ്രത്യേക കൗണ്ടറും അന്നദാനമന്ദിത്തിൽ സജ്ജമാക്കിയിട്ടുണ്ട്. ഫോൺ: 0476-2690721.