കര്‍ക്കിടക മാസം എന്നത് സുഖചികിത്സകളുടെ കാലമാണ്. പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ തലപൊക്കുന്ന ഈ സമയം നിങ്ങളുടെ ആരോഗ്യത്തിന് വെല്ലുവിളികള്‍ വര്‍ദ്ധിക്കുകയാണ് ചെയ്യുന്നത്. കര്‍ക്കിടകത്തില്‍ കുത്തിയൊലിച്ച് പെയ്യുന്ന മഴ തന്നെയാണ് പലപ്പോഴും ഇത്തരം പ്രശ്‌നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നത്. മഴക്കാലവും രോഗപ്രതിരോധ ശേഷി ഇല്ലാത്തതും നമ്മുടെ ആരോഗ്യത്തെ വളരെയധികം ബാധിക്കുന്നു. അതുകൊണ്ട് തന്നെ ഓരോ കാര്യത്തിലും നാം വളരെയധികം ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. നിത്യ യൗവ്വനവും ശരീരത്തെ പുനരുജ്ജീവിപ്പിക്കുന്നതിനും വേണ്ടി നാം ശ്രദ്ധിക്കേണ്ടതായ ചില കര്‍ക്കിടക ശീലങ്ങള്‍ ഉണ്ട്.
തനതായ ഭക്ഷണക്രമവും ജീവിത ശൈലിയും പിന്തുടരുന്ന ഇത്തരം അവസ്ഥയില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. മനസ്സിനേയും ശരീരത്തേയും പുനരുജ്ജീവിപ്പിക്കുന്നതിന് വേണ്ടി കര്‍ക്കിടക മാസത്തില്‍ നാം ചെയ്യേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. ഔഷധക്കഞ്ഞിയും കര്‍ക്കിടകക്കഞ്ഞിയും പത്തില തോരനും ആയുര്‍വ്വേദ ചികിത്സകളും എല്ലാം കര്‍ക്കിടക മാസത്തിലെ പ്രത്യേകത തന്നെയാണ്. കര്‍ക്കിടകത്തില്‍ വയര്‍ നിറയെ ഭക്ഷണം കഴിക്കാതിരിക്കുക എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. വയറിന്റെ കനം പരമാവധി കുറക്കുന്നതിന് ശ്രദ്ധിക്കണം.
പഥ്യം അല്ലെങ്കില്‍ ഭക്ഷണക്രമം ആയുര്‍വ്വേദ പ്രകാരമാണ് കര്‍ക്കിടക മാസത്തില്‍ ഭക്ഷണം കഴിക്കേണ്ടത്. കാരണം പല വിധത്തിലുള്ള രോഗങ്ങള്‍ നിങ്ങളെ വലക്കുന്ന സമയമാണ് കര്‍ക്കിടക മാസം. അതുകൊണ്ട് തന്നെ പഥ്യം അനുസരിച്ച് ഭക്ഷണം കഴിക്കുന്നതാണ് ഏറ്റവും ഉത്തമം. വ്യത്യസ്ത സമയങ്ങളില്‍ ചെറിയ അളവില്‍ ഭക്ഷണം കഴിക്കണം. കൂടാതെ, എളുപ്പത്തില്‍ ദഹിക്കുന്ന ഭക്ഷണങ്ങള്‍ വേണം കഴിക്കുന്നതിന്. അമിതമായുള്ള എരിവും കയ്പ്പും ഉള്ള ഭക്ഷണങ്ങളും കര്‍ക്കിടകമാസത്തില്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കണം. കൂടാതെ ഉലുവയും ഇഞ്ചിയും എല്ലാം അടങ്ങിയ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന ഭക്ഷണങ്ങളും ഉള്‍പ്പെടുത്തണം.
പത്തില തോരന്‍
കര്‍ക്കിടക മാസത്തിലാണ് പലരും പത്തില തോരന്‍ വെക്കുന്നത്. ആയുര്‍വ്വേദ ഗുണങ്ങള്‍ നല്‍കുന്ന വ്യത്യസ്തമായ പത്ത് ഇലകള്‍ കൊണ്ട് തയ്യാറാക്കിയ തോരന്‍ ആണ് ഈ ദിനങ്ങളില്‍ ശീലമാക്കുന്നത്. പണ്ടു മുതല്‍ തന്നെ പത്ത് ഇലകള്‍ കൊണ്ട് തോരന്‍ തയ്യാറാക്കിയിരുന്നു. പരമ്പരാഗതമായ ഒരു വിഭവമാണ് എന്നതില്‍ സംശയം വേണ്ട. വളരെ പോഷകസമൃദ്ധമായ ഈ തോരന്‍ ആരോഗ്യത്തിന് അത്യുത്തമമാണ്. ഈ വിഭവം തയ്യാറാക്കാന്‍ നമ്മുടെ വീട്ടുമുറ്റത്ത് വളരുന്ന താളും തകരയും ചീരയും മുരിങ്ങയും എല്ലാം ഉപയോഗിക്കുമായിരുന്നു. എല്ലാം അരിഞ്ഞ് സാധാരണ രീതിയില്‍ തോരന്‍ വെച്ച് കഴിക്കുന്നത് പ്രതിരോധ ശക്തിയും നിറയൗവ്വനവും പ്രദാനം ചെയ്യും എന്നതാണ് സത്യം.
തുളസി രസം
രസം എന്നത് തന്നെ ആരോഗ്യത്തിന് വളരെയധികം ഗുണങ്ങള്‍ നല്‍കുന്നതാണ്. എന്നാല്‍ ആരോഗ്യം അല്‍പം കൂടി വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി തുളസി രസമാണ് തയ്യാറാക്കുന്നതെങ്കിലോ? അത് നിങ്ങള്‍ക്ക് ഇരട്ടി ഗുണമാണ് നല്‍കുന്നത്. ഏതൊരു മരുന്നിനേക്കാള്‍ ഗുണമാണ് തുളസി രസം നിങ്ങള്‍ക്ക് നല്‍കുന്നത്. രസത്തില്‍ നല്ലതു പോലെ കുരുമുളകിനും ഒപ്പം തുളസി ഇലകള്‍ കൂടി ചേര്‍ക്കുകയാണ് ചെയ്യുന്നത്. ഇത് വളരെയധികം രുചികരമാണെന്ന് നമുക്കറിയാം. അതിലുപരി ആരോഗ്യകരവും പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതുമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.
കര്‍ക്കിടക കഞ്ഞി
കര്‍ക്കിടക മാസത്തില്‍ കൂടുതല്‍ ആളുകളും തിരഞ്ഞ് പിടിച്ച് തയ്യാറാക്കുന്നതാണ് കര്‍ക്കിടകക്കഞ്ഞി. നവര അരി, ഉലുവ, ജീരകം, ആശാളി തുടങ്ങിയ ചേരുവകള്‍ ചേര്‍ത്താണ് കര്‍ക്കിടകക്കഞ്ഞി തയ്യാറാക്കുന്നത്. ഇത് പോഷകഗുണമുള്ളതും പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നതുമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് കുട്ടികള്‍ക്കും കഴിക്കാവുന്നതാണ്. വീട്ടില്‍ തന്നെ തയ്യാറാക്കുന്നതായത് കൊണ്ട് യാതൊരു വിധത്തിലുള്ള പാര്‍ശ്വഫലങ്ങളും ഉണ്ടാക്കുന്നില്ല. കര്‍ക്കിടക മാസത്തിലെ കഞ്ഞി എന്നത് തന്നെ പ്രത്യേകതകള്‍ ധാരാളം നിറയുന്നതാണ്.
മരുന്ന് കഞ്ഞി
കര്‍ക്കിടകക്കഞ്ഞി തയ്യാറാക്കുന്നതിനേക്കാള്‍ അല്‍പം കൂടുതല്‍ സമയമെടുത്ത് തയ്യാറാക്കുന്നതാണ് മരുന്ന് കഞ്ഞി. പ്രകൃതിയില്‍ ഋതുക്കള്‍ മാറുന്നതിന് അനുസരിച്ച് നമ്മുടെ ശരീരത്തിലും മാറ്റങ്ങള്‍ ഉണ്ടാവുന്നു. ഇതിനെ പ്രതിരോധിക്കാനും ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിനും മരുന്ന് കഞ്ഞി കര്‍ക്കിടക മാസത്തില്‍ സേവിക്കുന്നത് നല്ലതാണ്. നിരവധി ഔഷധ സസ്യങ്ങള്‍ ചേര്‍ന്ന് തയ്യാറാക്കുന്ന ഈ ഔഷധ കഞ്ഞി നിറയൗവ്വനം നിലനിര്‍ത്തുകയും ശരീരത്തിന് പുനരുജ്ജീവനം നല്‍കുകയും ചെയ്യുന്നു. നവര അരി, ഔഷധസസ്യങ്ങള്‍, സുഗന്ധവ്യഞ്ജനങ്ങള്‍, തേങ്ങാപ്പാല്‍ എന്നിവ ചേര്‍ത്താണ് ഈ കഞ്ഞി തയ്യാറാക്കുന്നത്.