പത്തനംതിട്ട: ജനസേവനം ജീവിതവൃതമാക്കി, ജനങ്ങൾക്കിടയിൽ ജീവിച്ച് കേരളത്തിന്റെ വികസനത്തിന് ഗതിവേഗം നൽകി കാലത്തിന് മുമ്പേ നടന്ന കർമ്മയോഗിയായിരുന്നു മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെന്ന് എഐസിസി സെക്രട്ടറി പി.സി.വിഷ്ണുനാഥ് എംഎൽഎ. ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉമ്മൻചാണ്ടിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുവാൻ പത്തനംതിട്ട ഗാന്ധി സ്‌ക്വയറിൽ സംഘടിപ്പിച്ച സർവകക്ഷി അനുസ്മരണ സമ്മേളനത്തിൽ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ജനസമൂഹത്തിന് സ്‌നേഹവും കരുതലും നൽകി കേരള ജനതയുടെ സ്‌നേഹം ആവോളം ഏറ്റുവാങ്ങിയാണ് ഉമ്മൻചാണ്ടി വിടവാങ്ങിയത്. രാഷ്ട്രീയ, സാമൂഹ്യ മണ്ഡലത്തിൽ അദ്ദേഹത്തിന്റെ വിയോഗം സൃഷ്ടിച്ചിരിക്കുന്ന വിടവ് നികത്താനാകാത്തതാണ്. പൊതുപ്രവർത്തകർക്കെല്ലാം മാതൃകയായിരുന്ന ഉമ്മൻചാണ്ടി ജനഹൃദയങ്ങളിൽ കാലാതീതമായി ജീവിക്കുമെന്നും വിഷ്ണുനാഥ് പറഞ്ഞു.
ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പിൽ അധ്യക്ഷത വഹിച്ചു. കുറിയാക്കോസ് മാർ ക്ലിമ്മീസ് മെത്രാപ്പൊലീത്ത, കെപിസിസി രാഷ്ടീയകാര്യ സമിതി അംഗം പ്രഫ. പി.ജെ.കുര്യൻ, നഗരസഭാ ചെയർമാൻ സക്കീർ ഹുസൈൻ, അക്കീരമൺ കാളിദാസ ഭട്ടതിരി, ഇമാം റഷീദ് മൗലവി, കെ.ശിവദാസൻ നായർ, പി.മോഹൻരാജ്, വർഗീസ് മാമ്മൻ, മാലേത്ത് സരളാദേവി, ടി.എം.ഹമീദ്, അജിത് പുല്ലാട്, പി.ആർ.ഗോപിനാഥൻ നായർ, തോമസ് ജോസഫ്, എ.ഷംസുദ്ദീൻ, ജോർജ് മാമ്മൻ കൊണ്ടുർ, റിങ്കു ചെറിയാൻ, അനീഷ് വരിക്കണ്ണാമല, എ.സുരേഷ് കുമാർ, സാമുവൽ കിഴക്കുപുറം, റോബിൻ പീറ്റർ എന്നിവർ പ്രസംഗിച്ചു.