കോന്നി : പരിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്ന പാതിരിയോ അതോ തെരുവ് ഗുണ്ടയോ ?. ഇന്നലെ രാത്രി എട്ടു മണിയോടെ പയ്യനാമൺ കാര്‍മ്മല പള്ളിയുടെ സമീപം നടന്ന സംഭവം കണ്ടാല്‍ ആര്‍ക്കും തോന്നുന്ന സംശയമാണ് ഇത്. കോന്നി ചൈനാമുക്കിലുള്ള ആനക്കല്ലുങ്കല്‍ ജോജോ ഭവനില്‍ ലാലുവിന്റെ മകന്‍ ജോജോയുടെ ചുവപ്പ് നിറത്തിലുള്ള പുത്തന്‍ ബെലെനോ കാറിനാണ് ഈ പാതിരി കേടുപാട് വരുത്തിയത്. കാര്‍ വാങ്ങിയിട്ട് ദിവസങ്ങള്‍ മാത്രമേ ആയിട്ടുള്ളൂ. രജിസ്ട്രെഷന്‍ പോലും കഴിഞ്ഞിട്ടില്ല. ദുബൈയില്‍ നിന്നും അവധിക്ക് എത്തിയ ജോജോയുടെ വിവാഹം നാളെയാണ്. അതിനു മുന്നോടിയായി വാങ്ങിയതാണ് കാര്‍.
ഇന്നലെ ജോജോയും കുടുംബവും കാര്‍മ്മല പള്ളിയുടെ അടുത്തുള്ള ബന്ധു വീട്ടില്‍ എത്തിയതായിരുന്നു. ബന്ധുവിന്റെ വീടിന്റെ മുറ്റത്താണ് കാര്‍ പാര്‍ക്ക് ചെയ്തിരുന്നത്. തുടര്‍ന്ന് കാര്‍മ്മല പള്ളിയിലെ പെരുന്നാള്‍ റാസക്ക് പങ്കെടുക്കുവാന്‍ ജോജോയും കൂട്ടരും പോയി. കൂടെവന്ന വീട്ടുകാര്‍ ബന്ധുവീട്ടില്‍ തന്നെ സമയം ചെലവഴിച്ചു. പെരുന്നാളിന് പങ്കെടുക്കാന്‍ വന്ന ഒരു വൈദികനും ഈ വീടിന്റെ മുറ്റത്താണ് കാര്‍ പാര്‍ക്ക് ചെയ്തിരുന്നത്. പെരുന്നാള്‍ റാസയില്‍ നിന്നും നേരത്തെ തിരിച്ചെത്തിയ വൈദികന് കാറുമായി തിരികെ പോകുവാന്‍ ബുദ്ധിമുട്ട് നേരിട്ടു. എന്നാല്‍ ഈ വിവരം വീട്ടുകാരോട് പറയുകയോ സഹായം തേടുകയോ ചെയ്തില്ല. കാര്‍ അവിടെ പാര്‍ക്ക് ചെയ്യുന്നതിനു മുമ്പും ഈ വീട്ടുകാരോട് അനുവാദം ചോദിച്ചിരുന്നുമില്ല.
അല്പസമയത്തെ ബുദ്ധിമുട്ടിനുശേഷം കാറുമായി റോഡില്‍ ഇറങ്ങിയ വൈദികന്‍ തന്റെ കാര്‍ നിര്‍ത്തി പുറത്തിറങ്ങി തനിക്ക് ബുദ്ധിമുട്ട് ഉണ്ടാക്കിയ കാറില്‍ കല്ലുകൊണ്ട് ഉരക്കുകയായിരുന്നു. ഡ്രൈവര്‍ സീറ്റില്‍ നിന്നും വൈദികന്‍ പുറത്ത് ഇറങ്ങുന്നതും കല്ലെടുത്ത് കാറില്‍ ഉരക്കുന്നതും അതിനുശേഷം പെട്ടെന്ന് തന്റെ കാറില്‍ കയറി പോകുന്നതും സി.സി.ടി.വി ദൃശ്യത്തില്‍ നിന്നും വ്യക്തമായി അറിയാം. കത്തോലിക്ക സഭയിലെ വൈദികനാണ് ഇത്. എന്നാല്‍ മുഖം വ്യക്തമല്ല. വൈദികന്‍ കാര്‍ പുറത്തേക്ക് ഇറക്കുമ്പോള്‍ തന്നെ അവിടെ കിടന്ന ജോജോയുടെ കാറില്‍ ഉരച്ചിരുന്നു. ബെല്‍ അടിച്ചു വിളിച്ചിരുന്നെങ്കില്‍ കാര്‍ അവിടെനിന്നും മാറ്റിക്കൊടുക്കുവാന്‍ വീട്ടില്‍ ഉള്ളവര്‍ക്ക് കഴിയുമായിരുന്നു. എന്നാല്‍ ഈ വൈദികന്‍ വീട്ടുകാരെ വിളിക്കുകയോ തനിക്ക് കാര്‍ എടുക്കുവാന്‍ ബുദ്ധിമുട്ട് ഉണ്ടെന്നു പറയുകയോ ചെയ്തില്ല. റാസ കഴിഞ്ഞ് തിരിച്ചെത്തിയ ജോജോയും ഇക്കാര്യം അറിഞ്ഞിരുന്നില്ല. കാറുമായി വീട്ടില്‍ തിരികെ ചെന്നെങ്കിലും രാത്രിയായതിനാല്‍ കാറിന്റെ ബോഡിയിലെ തകരാറുകള്‍ കണ്ടില്ല. ഇന്ന് രാവിലെ കാര്‍ കഴുകാന്‍ തുടങ്ങിയപ്പോഴാണ് ഈ ക്രൂരത കണ്ടത്. തുടര്‍ന്ന് ബന്ധുവീട്ടില്‍ എത്തി അവിടുത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് പാതിരിയുടെ ക്രൂരവിനോദമാണ് ഇതെന്ന് മനസ്സിലായത്. തുടര്‍ന്ന് ഇതുമായി കോന്നി പോലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കിയിരിക്കുകയാണ് പ്രവാസിയായ ജോജോ.
വീഡിയോ കാണാം
https://www.facebook.com/mediapta/videos/179822486466777/