ബെംഗളൂരു: കേന്ദ്ര സര്‍ക്കാര്‍ കൂടുതല്‍ ഭക്ഷ്യധാന്യം നല്‍കുന്നില്ലെന്ന പരാതിയുമായി കര്‍ണാടക ഭക്ഷ്യമന്ത്രി കെഎച്ച് മുനിയപ്പ. രാഷ്ട്രീയ പ്രേരിതമാണ് ഭക്ഷ്യധാന്യം നിഷേധിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. കേന്ദ്ര ഭക്ഷ്യമന്ത്രി പിയൂഷ് ഗോയലുമായി ദില്ലിയില്‍ ചര്‍ച്ച നടത്തിയതിന് ശേഷമായിരുന്നു മുനിയപ്പയുടെ ആരോപണം. കര്‍ണാടകക്ക് കൂടുതല്‍ ഭക്ഷ്യധാന്യം അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് കേന്ദ്രമന്ത്രിയെ കണ്ടത്. എഫ്സിഐയില്‍ ആവശ്യത്തിന് സ്റ്റോക്ക് ഉള്ളപ്പോള്‍ എന്തുകൊണ്ടാണ് അരി നല്‍കാന്‍ കഴിയാത്തതെന്ന് കേന്ദ്രമന്ത്രിയോട് ചോദിച്ചെന്ന് മുനിയപ്പ പറഞ്ഞു.
കേന്ദ്രത്തിന് ആവശ്യമായത് 135 ലക്ഷം ടണ്‍ ഭക്ഷ്യധാന്യമാണ്. അതേസമയം അവരുടെ കൈവശം 262 ലക്ഷം ടണ്‍ സ്റ്റോക്ക് ഉണ്ട്. വിഷയത്തില്‍ രാഷ്ട്രീയം കളിക്കുകയാണെന്നത് വ്യക്തമാണെന്നും പലതവണ ആവശ്യപ്പെട്ടിട്ടും മന്ത്രി തന്റെ ആവശ്യം അംഗീകരിച്ചില്ലെന്നും മന്ത്രി ആരോപിച്ചു. കര്‍ണാടകയിലെ ഓരോ ബിപിഎല്‍ കുടുംബത്തിലെ ഓരോ അംഗത്തിനും പ്രതിമാസം 5 കിലോ അരി സൗജന്യമായി നല്‍കുന്ന അന്നഭാഗ്യ പദ്ധതി കോണ്‍ഗ്രസ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. അരി ലഭിക്കുന്ന കാര്യത്തില്‍ ഈ ആഴ്ച അവസാനത്തോടെ തീരുമാനമുണ്ടാകുമെന്നും മുനിയപ്പ വ്യക്തമാക്കി.