ബെംഗളുരു: അയോഗ്യനാക്കിയതിന് ശേഷം കോലാറിലെത്തിയ ബിജെപിക്കെതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി അദാനിക്ക് പണം നല്‍കുന്നു, എന്നാല്‍ കോണ്‍ഗ്രസ് ദരിദ്രര്‍ക്കും യുവാക്കള്‍ക്കും മഹിളകള്‍ക്കും നല്‍കുന്നുവെന്ന് രാഹുല്‍ പറഞ്ഞു. കൂടാതെ കര്‍ണാടകയില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്ന് രാഹുല്‍ വ്യക്തമാക്കി. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ 200 യൂണിറ്റ് സൗജന്യ വൈദ്യുതിയും സ്ത്രീകള്‍ക്ക് 2000 രൂപയും എല്ലാവര്‍ക്കും 10 കിലോ അരിയും രണ്ട് വര്‍ഷത്തേക്ക് തൊഴിലില്ലാത്ത യുവാക്കള്‍ക്ക് 3000 രൂപയും ഡിപ്ലോമക്കാര്‍ക്ക് 1500 രൂപയും ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ പാവപ്പെട്ടവര്‍ക്കായി എന്തു ചെയ്യും എന്ന ചോദ്യം കുറച്ച് ദിവസമായി കേള്‍ക്കുന്നുണ്ട്. ഹിമാചല്‍ അടക്കം നിരവധി സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് നടന്നു. എന്തെല്ലാം ചെയ്യണം എന്ന് നേതാക്കള്‍ തന്നോട് ചോദിച്ചു. നടപ്പിലാക്കാവുന്ന വാഗ്ദാനങ്ങള്‍ നല്‍കൂ, അത് ആദ്യ മന്ത്രി സഭാ യോഗത്തില്‍ തന്നെ നടപ്പാക്കൂ എന്നാണ് താന്‍ പറഞ്ഞതെന്ന് രാഹുല്‍ പറഞ്ഞു.