ബംഗളൂരു: സുരക്ഷാ ഭീഷണി ഉയര്‍ത്തുന്ന അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യണമെന്ന കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം ചോദ്യം ചെയ്ത് ട്വിറ്റര്‍ ഫയല്‍ ചെയ്ത ഹര്‍ജി കര്‍ണാടക ഹൈക്കോടതി തള്ളി. അഭിപ്രായസ്വാതന്ത്ര്യത്തിനുള്ള മൗലികാവകാശം ഭരണഘടന ഉറപ്പുനല്‍കുന്നത് ഇന്ത്യന്‍ പൗരന്മാര്‍ക്ക് മാത്രമാണെന്നും വിദേശ കമ്പനികള്‍ക്കില്ലെന്നുമുള്ള കേന്ദ്രസര്‍ക്കാര്‍ വാദം അംഗീകരിച്ചാണ് കോടതി ഉത്തരവ്. ഇന്ത്യയിലെ നിയമം പാലിച്ച് പ്രവര്‍ത്തിക്കാന്‍ ട്വിറ്റര്‍ ബാധ്യസ്ഥരാണെന്ന് കോടതി ചൂണ്ടിക്കാട്ടി. കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് പാലിക്കാതെ നടപടികള്‍ വൈകിപ്പിച്ചതിന് ട്വിറ്ററിന് 50 ലക്ഷം രൂപ പിഴ ചുമത്തി.
ഐ.ടി മന്ത്രാലയത്തിന്റെ ഉത്തരവിനെതിരെ ട്വിറ്റര്‍ കഴിഞ്ഞ വര്‍ഷമാണ് ഹൈക്കോടതിയെ സമീപിച്ചത്. 2021 ഫെബ്രുവരി മുതല്‍ 2022 ഫെബ്രുവരി വരെയുള്ള നിരവധി ട്വീറ്റുകളും അക്കൗണ്ടുകളും മരവിപ്പിക്കാനാണ് കേന്ദ്രം ആവശ്യപ്പെട്ടത്. അതില്‍ 39 എണ്ണം ബ്ലോക്ക് ചെയ്യണമെന്ന ആവശ്യത്തിനെതിരെയാണ് ട്വിറ്റര്‍ കോടതിയെ സമീപിച്ചത്. അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യാന്‍ ആവശ്യപ്പെടുമ്പോള്‍ സര്‍ക്കാര്‍ കാരണവും വ്യക്തമാക്കണമെന്ന് ട്വിറ്റര്‍ കോടതിയില്‍ വാദിച്ചു. വേണ്ടിവന്നാല്‍ സര്‍ക്കാര്‍ ഉത്തരവിനെ ചോദ്യംചെയ്യാനുള്ള സൗകര്യം വേണമെന്നും ട്വിറ്റര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ട്വിറ്റര്‍ വര്‍ഷങ്ങളായി മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.