ബെംഗളൂരു: കര്‍ണ്ണാടക സർക്കാരില്‍ അഴിമതി ആരോപണം നേരിടുന്ന ആദിവാസി ക്ഷേമ മന്ത്രി ബി നാഗേന്ദ്ര രാജിവെച്ചു. രാജികത്ത് മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് കൈമാറി. ആദിവാസി ക്ഷേമത്തിനായുള്ള 187.3 കോടി രൂപ ഹൈദരാബാദ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഒരു സഹകരണ ബാങ്കിന്റെയും ചില ഐടി കമ്പനികളുടെയും അക്കൗണ്ടിലേക്ക് അനധികൃതമായി മാറ്റിയെന്നാണ് ആരോപണം. ഇക്കാര്യം ഉന്നയിച്ച് ബിജെപി പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ കൂടിയാണ് രാജി. സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറും രാജി ആവശ്യപ്പെടുകയായിരുന്നു. അതേസമയം അഴിമതി ആരോപണം മന്ത്രി നിഷേധിച്ചെന്നും സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കാതിരിക്കാനാണ് രാജിയെന്നും ഡി കെ ശിവകുമാര്‍ പ്രതികരിച്ചു.
കര്‍ണാടക മഹര്‍ഷി-വാല്‍മീകി പട്ടിക വര്‍ഗ കോര്‍പ്പറേഷന്റെ ബാങ്ക് അക്കൗണ്ടിലെ പണവുമായി ബന്ധപ്പെട്ടായിരുന്നു അഴിമതി ആരോപണം ഉയര്‍ന്നത്. യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ അക്കൗണ്ടില്‍ നിന്നുമാണ് പണം ട്രാന്‍സ്ഫര്‍ ആയത്. ബി നാഗേന്ദ്രക്കെതിരെ കേസെടുത്തിരിക്കുന്ന സിബിഐക്ക് ബാങ്ക് അധികൃതരും പരാതി കൊടുത്തിട്ടുണ്ട്.
സംസ്ഥാന സര്‍ക്കാരും പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് അന്വേഷണം നടത്തുന്നുണ്ട്. വാല്‍മീകി കോര്‍പ്പറേഷന്റെ അക്കൗണ്ട്‌സ് സുപ്രണ്ടായ ചന്ദ്രശേഖറിന്റെ ആത്മഹത്യയെ തുടര്‍ന്നായിരുന്നു അഴിമതി ആരോപണം പുറത്തുവന്നത്. അനധികൃതമായി തുക കൈമാറിയത് സംബന്ധിച്ചുള്ള വിശദമായ വിവരങ്ങള്‍ കുറിപ്പില്‍ എഴുതിവെച്ചായിരുന്നു ചന്ദ്രശേഖര്‍ ആത്മഹത്യ ചെയ്തത്. കേര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ പത്മനാഭ, അക്കൗണ്ട് ഓഫീസര്‍മാരായ പരശുരാം, യൂണിയന്‍ ബാങ്ക് ഓഫീസര്‍ സുചിസ്മിത റാവല്‍ എന്നിവരുടെ പേരും ആത്മാഹത്യകുറിപ്പില്‍ പരാമര്‍ശിക്കുന്നുണ്ട്. പണം കൈമാറാന്‍ മന്ത്രി വാക്കാല്‍ നിര്‍ദേശം നല്‍കിയെന്നാണ് ആരോപണം.