ബാംഗ്ലൂരിൽ നിന്നും ഇത്തവണത്തെ യാത്ര ചരിത്രം കഥ പറയുന്ന ഒരിടത്തേക്ക് ആയാലോ? വിശ്വാസങ്ങളും കഥകളും ചേർന്ന് യാഥാർത്ഥ്യമാണോ അല്ലയോ എന്ന് തിരിച്ചറിയാൻ കഴിയാത്ത വിധം കിടക്കുന്ന ഒരിടമുണ്ട്. പ്രാർത്ഥനകൾക്കായി വിശ്വാസികളും പ്രകൃതിയിലേക്കിറങ്ങിയുള്ള നടത്തം ആസ്വദിക്കാനായി ട്രെക്കിങ് പ്രേമികളും എത്തുന്ന ആവണി ബേട്ട തന്നെ. ബാംഗ്ലൂരിൽ നിന്നും ഒരു ദിവസ യാത്രയ്ക്ക് പറ്റിയ ആവണി ബേട്ട കോലാർ ജില്ലയുടെ ഭാഗമാണ്. ഇവിടെച്ചെന്ന് എവിടേക്ക് നോക്കിയാലും പാറക്കെട്ടാണ്. ഉയർന്നും താഴ്ന്നും അപ്പുറമുള്ള കാഴ്ചകൾ മറച്ചും ഒക്കെ കിടക്കുന്ന പാറക്കെട്ടുകള്‍. എന്നുവെച്ച് അതു മാത്രമേ ഇവിടെയുള്ളൂ എന്ന് വിചാരിക്കരുത്. ഈ പാറക്കെട്ടിലെ മരങ്ങളും ചെടികളും ചേരുന്ന പച്ചപ്പും ഇവിടുത്തെ ഒരു കാഴ്ച തന്നെയാണ്. പാറകയറ്റത്തിന് പേരുകേട്ട ഇവിടം പക്ഷേ കൂടുതലും അറിയപ്പെടുന്നത് ഇവിടുത്തെ ഒരു ക്ഷേത്രത്തിന്റെ പേരിലാണ്.
ആവണി എന്നാൽ ഭൂമി എന്നാണർത്ഥം. സീതാ ദേവിയുടെ മറ്റൊരു പേരാണ് ആവണി സുധാ അധവാ ഭൂമിയുടെ മകൾ. സീതാ ദേവിക്കായി സമർപ്പിക്കപ്പെട്ടിരിക്കുന്ന ഭൂമിയാണ് ഇതെന്നാണ് വിശ്വാസം. തെക്കിന്‍റെ ഗയ എന്നും വിളിക്കപ്പെടുന്ന ഇവിടം മഹർഷിമാരുടെ നൂറു കണക്കിന് യാഗങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച ഭൂമി കൂടിയാണ്. വാല്മികി മഹർഷിയുടെ ആശ്രമം ഇവിടെ സ്ഥിതി ചെയ്തിരുന്നു എന്നാണ് വിശ്വസിക്കപ്പെടുന്നത്. കർണ്ണാടകയിലെ മാത്രമല്ല സമീപ സംസ്ഥാനങ്ങളിൽ നിന്നു വരെ വിശ്വാസികൾ എത്തുന്ന ഒരു പുരാതന ക്ഷേത്രവും അതിനെ ചുറ്റിപ്പറ്റിയുള്ള വിശ്വാസങ്ങളുമാണ്. അതോടൊപ്പം രാമൻ ഉപേക്ഷിച്ച സീതാ ദേവിക്കായി ആവണി ബേട്ടയുടെ മുകളിൽ സീതാ പാർവ്വതി ക്ഷേത്രവും കാണാം. ലവനും കുശനും സീത ജന്മം നല്കിയതും ഇവിടെ വെച്ചുതന്നെയാണത്രെ.
ആവണി ബേട്ട – ഐതിഹ്യവും വിശ്വാസവും
വിശ്വാസങ്ങളാണ് ആവണി ബേട്ടയുടെ ശക്തിയെന്ന് പറയാം. നിരവധിയായ ക്ഷേത്രങ്ങൾ അത് തേടിയെത്തുന്നവർ ഒക്കെയായി എന്നും ഇവടെ ആളുകളാണ്. കുട്ടികളില്ലാത്തവർ സീതാ ദേവിയുടെ ക്ഷേത്രത്തിൽ വന്ന് പ്രാര്‍ത്ഥിച്ചാൽ സന്താനഭാഗ്യം ലഭിക്കുമെന്നാണ് മറ്റൊരു വിശ്വാസം. രാജ്യത്തെതന്നെ ചുരുക്കം ചില സീതാ ക്ഷേത്രങ്ങളിലൊന്നാണ് ഇവിടെയുള്ളത്. രാമനും സഹോദരങ്ങൾക്കുമായി സമർപ്പിച്ച മറ്റു നാല് ക്ഷേത്രങ്ങളും പൗരാണിക കാലത്ത് ഇവിടെ ഉണ്ടായിരുന്നു എന്നും വിശ്വസിക്കപ്പെടുന്നു. സീതാ ദേവിയുടെ ശുദ്ധിയിൽ സംശയം തോന്നിയ രാമൻ സീതയെ കാട്ടിലുപേക്ഷിച്ച കഥ നമുക്കറിയാം. വാല്മികിയുടെ സംരക്ഷണയിൽ അദ്ദേഹത്തിന്റെ ആശ്രമത്തിലാണ് ദേവി കഴിഞ്ഞതും രാമന്റെ ഇരട്ടക്കുഞ്ഞുങ്ങൾക്ക് ജന്മം നല്കിയതും. പിന്നീട് രാമന്റെ അശ്വമേധത്തെ മക്കളായ ലവനും കുശനും പിടിച്ചുകെട്ടിയതും തുടർന്ന് രാമനും ലവകുന്മാരും തമ്മിൽ യുദ്ധം നടന്നതും എല്ലാം ഇവിടെ വെച്ചാണ്. ഇവിടെ ഒരു വാല്മികി ഗുഹയും കാണാം. സാഹസിക സഞ്ചാരികളെ സംബന്ധിച്ചെടുത്തോളം ആവണി ബേട്ടാ കുന്നിൻമുകളിലേക്കുള്ള യാത്രയാണ് ആകർഷണം. ചെറിയൊരു ട്രെക്കിങ് ഇതിനായി വേണ്ടിവരും. പാറക്കെട്ടുകള് കയറിയും കാഴ്ചകൾ ആസ്വദിച്ചും മുകളിലേക്ക് കയറാം.