മംഗളൂരു : കർണാടകത്തിൽ വൻ മയക്കുമരുന്ന് വേട്ട. 75 കോടി രൂപ വിലമതിക്കുന്ന എംഡിഎംഎയുമായി രണ്ട് ദക്ഷിണാഫ്രിക്കൻ വനിതകളെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരിൽ നിന്നും 37.870 കിലോ എംഡിഎംഎ പിടികൂടി. മംഗളൂരു പോലീസിന്റെ ഡ്രഗ്സ് ഫ്രീ മംഗളൂരു പദ്ധതിയുടെ ഭാഗമായി സെൻട്രൽ ക്രൈംബ്രാഞ്ച് പോലീസ് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. കർണാടകത്തിൽ നടന്ന ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടകളിലൊന്നാണിത്. അഡോണിസ് ജബുലിലെ ( ബാംബ ഫാന്റ- 31), ഒലീജോ ഇവാൻസ് (അബിഗെയ്ൽ അഡോണിസ്- 30) എന്നിവരാണ് പിടിയിലായത്. 2020ൽ ബിസിനസ് വിസയിലാണ് ബാംബ ഫാന്റ ഇന്ത്യയിലെത്തിയത്. ന്യൂഡൽഹിയിലെ ലക്ഷ്മി വിഹാറിൽ ഫുഡ് കാർട്ട് നടത്തുകയായിരുന്നു. അബിഗെയ്ൽ 2016ൽ മെഡിക്കൻ വിസയിലാണ് ഇന്ത്യയിലെത്തിയത്. ഡൽഹിയിലെ മാൽവിയ നഗറിൽ വസ്ത്ര വ്യാപാരം നടത്തുകയായിരുന്നു.
പോലീസ് കമീഷണർ അനുപം അഗർവാളിന്റെ നേതൃത്വത്തിൽ എസിപി മനോജ് കുമാർ നായിക്കും സംഘവും ആറു മാസമായി പ്രസ്തുക കേസ് അന്വേഷിക്കുകയായിരുന്നു. 2024ൽ മംഗളൂരു ഈസ്റ്റ് പോലീസ് പംപ്വെല്ലിൽ നിന്ന് ഹൈദർ എന്നയാളെ 15 ഗ്രാം എംഡിഎംഎയുമായി അറസ്റ്റ് ചെയ്തിരുന്നു. ഹൈദറിൽ നിന്ന് ലഭിച്ച വിവരപ്രകാരം 2024 സെപ്തംബറിൽ പോലീസ് നൈജീരിയൻ സ്വദേശിയായ പീറ്റർ ഇക്കേദി ബെലോൻവൂവിനെ പിടികൂടി. ഇയാളിൽ നിന്ന് 6 കിലോ എംഡിഎംഎയും കണ്ടെത്തി.പീറ്ററിൽ നിന്നാണ് ഡൽഹിയിൽ നിന്ന് ബംഗളൂരുവിലേക്ക് എംഡിഎംഎ കടത്തുന്ന വിദേശ വനിതകളെപ്പറ്റിയുള്ള വിവരം ലഭിച്ചത്. തുടർന്ന് പോലീസ് ഇവരെ നിരീക്ഷിക്കുകയായിരുന്നു. മാർച്ച് 13ന് രാത്രി ഇവർ ഡൽഹിയിൽ നിന്നും ബംഗളൂരുവിലേക്ക് എത്തുന്നതായി പോലീസിന് വിവരം ലഭിച്ചു. തുടർന്ന് മംഗളൂരു പോലീസ് ബംഗളൂരുവിലെത്തുകയും എയർപോർടിൽ നിന്നും ടാക്സിയിൽ പുറത്തിറങ്ങിയ വനിതകളെ ഇലക്ട്രോണിക് സിറ്റിക്ക് സമീപം വച്ച് പിടികൂടുകയുമായിരുന്നു.
രണ്ട് ട്രോളി ബാഗുകളിൽ നിന്നായി ക്രിസ്റ്റൽ രൂപത്തിലാണ് എംഡിഎംഎ കണ്ടെത്തിയത്. ഒപ്പം നാല് മൊബൈൽ ഫോൺ, രണ്ട് പാസ്പോർട്, 18,640 രൂപ എന്നിവയും പിടികൂടി. ബംഗളൂരുവിലെ നീലമംഗല, ഹൊസകോട്ടെ, കെആർ പുരം എന്നിവിടങ്ങളിലുള്ള നൈജീരിയൻ സ്വദേശികൾക്ക് മയക്കുമരുന്ന് വിതരണം ചെയ്ത ശേഷം ഉടൻ തന്നെ തിരികെ ഡൽഹിക്ക് മടങ്ങുന്നതായിരുന്നു പ്രതികളുടെ രീതിയെന്ന് പോലീസ് പറഞ്ഞു. യാത്ര ചെയ്യാനായി വ്യാജ പാസ്പോർടും വിസയുമാണ് ഇവർ ഉപയോഗിച്ചിരുന്നത്.