ഡല്‍ഹി : കാര്‍ഷിക ബില്ലില്‍ കര്‍ഷകര്‍ക്ക് മിനിമം താങ്ങുവില നല്‍കുമെന്ന കേന്ദ്രസര്‍ക്കാര്‍ വാഗ്ദാനം എങ്ങനെ നടപ്പാക്കുമെന്ന് വ്യക്തമാക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം. കാര്‍ഷിക ബില്‍ പാസാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വകാര്യ ഇടപാടുകളിലൂടെ കര്‍ഷകര്‍ക്ക് മിനിമം താങ്ങുവില നല്‍കുമെന്ന് പറയുന്നത് ഇന്ത്യയിലെ ജനങ്ങളുടെ അക്കൗണ്ടുകളിലേക്ക് 15 ലക്ഷം നിക്ഷേപിക്കുമെന്ന് പറഞ്ഞത് പോലെയാണെന്നും ചിദംബരം പറഞ്ഞു.സ്വകാര്യ ഇടപാടുകളില്‍ കര്‍ഷകര്‍ക്ക് മിനിമം താങ്ങുവില നല്‍കുമെന്ന സര്‍ക്കാരിന്റെ വാഗ്ദാനം ഓരോ ഇന്ത്യക്കാരന്റെയും ബാങ്ക് അക്കൗണ്ടുകളില്‍ 15 ലക്ഷം നിക്ഷേപിക്കുമെന്ന് പറഞ്ഞ പോലെയാണ്,’ ചിദംബരം ട്വീറ്റ് ചെയ്തു.
നിലവിലെ സാഹചര്യമനുസരിച്ച് ഇന്ത്യയിലുടനീളമുള്ള ആയിരക്കണക്കിന് ഗ്രാമങ്ങളില്‍ ദിവസവും സ്വകാര്യ ഇടപാടുകള്‍ നടക്കുമ്പോള്‍ എങ്ങനെയാണ് സര്‍ക്കാരിന് മിനിമം താങ്ങു വില നല്‍കാന്‍ കഴിയുക? ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ഒരു സ്വകാര്യ ഇടപാടുകാരന്‍ കര്‍ഷകന് മിനിമം താങ്ങു വില നല്‍കാന്‍ കടപ്പെട്ടിരിക്കുന്നതെന്നും അദ്ദേഹം മറ്റൊരു ട്വീറ്റില്‍ ചോദിച്ചു.
കര്‍ഷകന് താങ്ങു വില നല്‍കുമെന്ന് പ്രധാനമന്ത്രിയും മറ്റു മന്ത്രിമാരും വാഗ്ദാനം ചെയ്തത് എങ്ങനെയാണ് നടപ്പാക്കുകയെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.