ന്യൂഡല്‍ഹി: പാര്‍ലമെന്റ് അടുത്തിടെ പാസാക്കിയ രണ്ട് കാര്‍ഷിക പരിഷ്കരണ ബില്ലുകള്‍ക്കെതിരെ ഇന്നു മുതല്‍ രാജ്യവ്യാപകമായി പ്രതിഷേധവുമായി കോണ്‍ഗ്രസ്. ഡല്‍ഹിയിലെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ആസ്ഥാനത്ത് നടന്ന ജനറല്‍ സെക്രട്ടറിമാരുടെയും സംസ്ഥാനങ്ങളുടെ ചുമതലയുള്ളവരുടെയും യോഗത്തിലാണ് രാജ്യവ്യാപകമായി പ്രക്ഷോഭത്തിനുള്ള തീരുമാനം.
കരി നിയമങ്ങള്‍ റദ്ദാക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ട് സെപ്റ്റംബര്‍ 24 മുതല്‍ കോണ്‍ഗ്രസ് അഖിലേന്ത്യാ പ്രക്ഷോഭം ആരംഭിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി ബുധനാഴ്ചത്തെ യോഗത്തിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞു.
എല്ലാ സംസ്ഥാനങ്ങളിലും പ്രതിഷേധ റാലികള്‍ സംഘടിപ്പിക്കാനാണ് കോണ്‍ഗ്രസ് അഹ്വാനം ചെയ്തിരിക്കുന്നത്. കാര്‍ഷിക ബില്ലുകള്‍ തിരിച്ചയക്കണമെന്ന് ഇന്നലെ ഗുലാംനബി ആസാദിന്‍റെ നേതൃത്വത്തില്‍ പ്രതിപക്ഷം രാഷ്ട്രപതിയെ കണ്ട് ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം അംഗീകരിക്കപ്പെടാന്‍ സാധ്യതയില്ല. കാര്‍ഷിക ബില്ലുകള്‍ക്കൊപ്പം തൊഴില്‍ കോഡ് ബില്ലുകള്‍ പാസാക്കിയതിനെയും പ്രതിപക്ഷം എതിര്‍ക്കുകയാണ്. നാളെ കര്‍ഷക സംഘടനകളുടെ ഭാരത് ബന്ദും നടക്കും.
പഞ്ചാബിലെ കര്‍ഷകര്‍ ട്രെയിന്‍ തടയല്‍ സമരവും പ്രഖ്യാപിച്ചിട്ടുണ്ട്. പാര്‍ലമെന്‍റ് സമ്മേളനത്തിലെ അവസാന ദിവസമായ ഇന്നലെ നെല്‍ കതിരുമായി എത്തി കോണ്‍ഗ്രസ് അംഗങ്ങള്‍ പ്രതിഷേധിച്ചിരുന്നു.
അതേസമയം, കര്‍ഷക പ്രക്ഷോഭങ്ങളെയും പാര്‍ലമെന്റില്‍ പ്രതിപക്ഷ എതിര്‍പ്പിനെയും മറികടന്ന് പാസാക്കിയ കാര്‍ഷിക ബില്‍ ചരിത്രപരവും അനിവാര്യവുമാണെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതികരണം. കാര്‍ഷിക ബില്ലൊരിക്കലും കര്‍ഷക താല്‍പര്യത്തിന് എതിരല്ലെന്നും പ്രതിപക്ഷം കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. കാര്‍ഷിക മേഖലയിലെ ഈ ചരിത്രപരമായ വലിയൊരു വ്യവസ്ഥയുടെ മാറ്റത്തിന് ശേഷം ചില ആളുകള്‍ക്ക് ഭയത്തിലാണെന്നും മോദി പറഞ്ഞിരുന്നു.
“കൂടുതല്‍ ലാഭം ലഭിക്കുന്നത്തിടത്ത് കര്‍ഷകര്‍ക്ക് അവരുടെ ഉത്പ്പന്നങ്ങള്‍ വില്‍ക്കാന്‍ ഇതിലൂടെ കഴിയും. ജൂണില്‍ കാര്‍ഷിക ഓര്‍ഡിനന്‍സുകള്‍ പുറപ്പെടുവിച്ച ശേഷം നിരവധി സംസ്ഥാനങ്ങളിലെ കര്‍ഷകര്‍ പുതിയ സംവിധാനത്തിന്റെ പ്രതിഫലം നേടികൊണ്ടിരിക്കുകയാണ്. കര്‍ഷകര്‍ക്ക് നിരവധി ആനുകൂല്യങ്ങള്‍ ലഭിച്ചതിന്റെ റിപ്പോര്‍ട്ടുകള്‍ സര്‍ക്കാരിന് ലഭിച്ചുകൊണ്ടിരിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ അവര്‍ക്ക് 15 മുതല്‍ 25 ശതമാനം വരെ കൂടുതല്‍ വരുമാനം ലഭിച്ചു.” പ്രധാനമന്ത്രി പറഞ്ഞു.
ഞായറാഴ്ചയാണ് കാര്‍ഷിക ബില്ല് രാജ്യസഭയില്‍ പാസായത്. ശബ്ദവോട്ടോടുകൂടിയാണ് ബില്ല് സഭയില്‍ പാസാക്കിയത്. രണ്ട് ബില്ലുകളാണ് രാജ്യസഭയില്‍ പാസാക്കിയിരിക്കുന്നത്. ബില്ലുകള്‍ പാസാക്കിയതിന് പിന്നാലെ സഭയില്‍ പ്രതിപക്ഷം പേപ്പറുകള്‍ കീറിയെറിഞ്ഞ് പ്രതിഷേധിച്ചു.
ഫാര്‍മേഴ്‌സ് പ്രൊഡ്യൂസ് ട്രെയ്ഡ് ആന്‍ഡ് കൊമേഴ്‌സ് ബില്‍ 2020, ഫാര്‍മേഴ്‌സ് എഗ്രിമെന്റ് ഓണ്‍ പ്രൈസ് അഷ്വറന്‍സ് ആന്‍ഡ് ഫാം സര്‍വ്വീസ് ബില്‍ എന്നിവയാണ് രാജ്യസഭയില്‍ പാസാക്കിയിരിക്കുന്നത്.