തൃശ്ശൂര്‍ : തൃശ്ശൂര്‍ കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ പ്രതികരണവുമായി സി.പ.എം. പാര്‍ട്ടി അഴിമതിക്ക് കൂട്ടുനില്‍ക്കില്ലെന്ന് തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി എം.എം വര്‍ഗീസ് പറഞ്ഞു. ഭരണസമിതി അംഗങ്ങള്‍ കുറ്റക്കാരെന്ന് തെളിഞ്ഞാല്‍ സി.പി.എമ്മില്‍ ഉണ്ടാകില്ലെന്നും പാര്‍ട്ടി നടപടി സ്വീകരിക്കുമെന്നും ജില്ലാ സെക്രട്ടറി വ്യക്തമാക്കി. എന്നാല്‍ തട്ടിപ്പ് നേരത്തെ തന്നെ സി.പി.എം അറിഞ്ഞിരുന്നുവെന്ന വിവരം പുറത്തുവരുന്നുണ്ട്.
ബാങ്ക് തട്ടിപ്പിനെക്കുറിച്ച് സി.പി.എം നേരത്തെ അറിയുകയും പാര്‍ട്ടി തലത്തില്‍ അന്വേഷണം നടത്തുകയും ചെയ്തിരുന്നു. കരുവന്നൂര്‍ ബാങ്ക് ഭരണ സമിതി അംഗങ്ങളുടെ പങ്ക് പരിശോധിക്കണം എന്ന് സി.പി.എം രണ്ടംഗ കമ്മിറ്റി റിപ്പോര്‍ട്ട് നല്‍കിയിരുന്നതാണ്. രണ്ട് മാസം മുമ്പാണ് ഈ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. പരാതികള്‍ വ്യാപകമായതോടെയാണ് പാര്‍ട്ടി അന്വേഷണം നടത്തിയത്. ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ജില്ലാ സെക്രട്ടേറിയേറ്റ് അംഗം പി.കെ ഷാജന്‍, മുന്‍ എംപി പി.കെ ബിജു എന്നിവരായിരുന്നു കമ്മീഷന്‍ അംഗങ്ങള്‍.
കഴിഞ്ഞ ദിവസമാണ് സി.പി.എമ്മിന്‍റെ നേതൃത്വത്തിലുള്ള കരുവന്നൂര്‍ സഹകരണ ബാങ്കിലെ തിരിമറി പുറത്ത് വന്നത്. വര്‍ഷങ്ങളായി നടന്നത് വന്‍ വായ്പാത്തട്ടിപ്പാണെന്നാണ് സഹകരണ ജോയിന്റ് രജിസ്ട്രാറുടെ റിപ്പോര്‍ട്ട്. പല രീതിയിലാണ് വായ്പാത്തട്ടിപ്പ് നടത്തിയിരിക്കുന്നത്. 46 പേരുടെ ആധാരത്തില്‍ എടുത്ത വായ്പാതുക പോയത് ഒരു വ്യക്തിയുടെ അക്കൗണ്ടിലേക്കാണ്. ഇത്തരത്തില്‍ പെരിഞ്ഞനം സ്വദേശി കിരണിന്‍റെ അക്കൗണ്ടിലെത്തിയത് 23 കോടി രൂപ. ഇരിങ്ങാലക്കുട സ്വദേശി സായ് ലക്ഷ്മിയുടെ പേരിലെടുത്തത് 3 കോടി രൂപ വായ്പയാണ്.
എന്നാല്‍ ഇക്കാര്യം അവര്‍ അറിയുന്നത് വീട്ടിലേക്ക് ജപ്തി നോട്ടീസ് എത്തിയപ്പോള്‍ മാത്രമാണ്. നേരത്തെ വായ്പയ്ക്കായി നല്‍കിയ രേഖകള്‍ ഉപയോഗിച്ച് മറ്റൊരാള്‍ക്ക് വായ്പ നല്‍കുകയായിരുന്നു. ചട്ടപ്രകാരം ഒരു വ്യക്തിക്ക് 50 ലക്ഷം രൂപ മാത്രമെ വായ്പ അനുവദിക്കാവൂ. ഇത് മറികടന്നും പലര്‍ക്കും വായ്പ അനുവദിച്ചു.
ബാങ്ക് സെക്രട്ടറി ഉള്‍പ്പെടെ ആറ് ജീവനക്കര്‍ക്കെതിരെ ഇരിങ്ങാലക്കുട പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഗൂഡാലോചന, വ്യാജരേഖ ചമയ്ക്കല്‍, വഞ്ചന എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. എന്നാല്‍ ജീവനക്കാരെ മാത്രം പ്രതികളാക്കി രക്ഷപ്പെടാനാണ് ഭരണ സമിതിയുടെ ശ്രമമെന്ന് നാട്ടുകാരും ബി.ജെ.പി പ്രവര്‍ത്തകരും ആരോപിച്ചു.