തൃശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ മുന്‍ മന്ത്രി എ സി മൊയ്തീന്‍ ഇന്നും ഇഡിക്ക് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരായില്ല. ഇ ഡി നോട്ടീസ് നല്‍കി ഇത് രണ്ടാം വട്ടമാണ് എ സി മൊയ്തീന്‍ ഹാജരാകാതിരിക്കുന്നത്. അതേസമയം ബാങ്ക് മുന്‍ മാനേജര്‍ ബിജു കരീമും ബെനാമി ഇടപാടില്‍ സംശയിക്കുന്ന പി.സതീഷ് കുമാറും ഇഡിക്ക് മുന്നില്‍ ഹാജരായി. കഴിഞ്ഞ വെള്ളിയാഴ്ച ചോദ്യം ചെയ്തു വിട്ടയച്ചതിന് ശേഷമാണ് ഇരുവരെയും വീണ്ടും വിളിപ്പിച്ചത്.
കഴിഞ്ഞയാഴ്ചയാണ് മുന്‍ മന്ത്രിയും എംഎല്‍എയുമായ എസി മൊയ്തീന്റെ വീട്ടില്‍ ഇഡി റെയ്ഡ് നടത്തിയത്. 23 മണിക്കൂറോളം നീണ്ട പരിശോധനയില്‍ എസി മൊയ്തീന്റെ ഭാര്യയുടേയും മകളുടേയും അക്കൗണ്ടുകള്‍ ഇഡി പരിശോധിച്ചു. കരുവന്നൂര്‍ ബാങ്കുമായി ബന്ധപ്പെട്ട കോടികളുടെ ബിനാമി ലോണുകള്‍ക്ക് പിന്നില്‍ എസി മൊയ്തീനാണെന്ന് എന്‍ഫോഴ്‌സ്‌മെന്റ് പറഞ്ഞിരുന്നു. ബാങ്ക് അംഗങ്ങള്‍ അല്ലാത്തവര്‍ക്കാണ് കൂടുതലായും ലോണ്‍ അനുവദിച്ചത്. പാവപ്പെട്ടവരുടെ ഭൂമി അവര്‍ അറിയാതെ ബാങ്കില്‍ പണയപ്പെടുത്തിയെന്നും അന്വേഷണ സംഘം പുറത്ത് വിട്ട വാര്‍ത്താക്കുറിപ്പിലുണ്ട്.