കൊച്ചി : കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിന്‍റെ അന്വേഷണം ഉന്നതരിലേക്കെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി). അറസ്റ്റിലായ സിപിഎം നേതാവ് പി ആർ അരവിന്ദാക്ഷന് രാഷ്ട്രീയ നേതാക്കളടക്കം പല പ്രമുഖരുമായും അടുപ്പമുണ്ടെന്നും ഇവരിൽ ആർക്കൊക്കെ തട്ടിപ്പിൽ പങ്കുണ്ടെന്നാണ് പരിശോധിക്കുന്നതെന്നും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയെ അറിയിച്ചു. സിപിഎം സംസ്ഥാന സമിതി അംഗങ്ങളായ എസി മൊയ്തീനെയും എം കെ കണ്ണനെയും ലക്ഷ്യം വെച്ചുതന്നെയാണ് കേന്ദ്ര ഏജൻസി നീങ്ങുന്നതെന്നാണ് വിവരം. അറസ്റ്റിലായ അരവിന്ദാക്ഷനേയും ജിൽസിനേയും നാളെ വൈകിട്ട് നാല് മണി വരെ ഇഡി കസ്റ്റഡിയിൽ വിട്ടു. ഇവരുടെ ജാമ്യാപേക്ഷ 30 ന് പരിഗണിക്കും.
തൃശൂരിലെ സിപിഎം നേതാവും വടക്കാഞ്ചേരി നഗരസഭാ കൗൺസിലറുമായ പി ആർ അരവിന്ദാക്ഷന്‍റെ അറസ്റ്റോടെയാണ് ഇ ഡി അന്വേഷണം ഇനി ആരിലേക്കെന്ന ചോദ്യം ഉയർന്നത്. അരവിന്ദാക്ഷൻ ഒറ്റയ്ക്കല്ലെന്നും കേസിൽ ഇനിയും പ്രതികളുണ്ടെന്നുമാണ് എൻഫോഴ്സ്മെന്‍റ് കോടതിയെ രേഖാമൂലം അറിയിച്ചിരിക്കുന്നത്. പല ഉന്നതരുമായും അരവിന്ദാക്ഷന് ബന്ധമുണ്ട്. ഇവരിൽ ആരൊക്കെ തട്ടിപ്പിന്‍റെ പങ്ക് പറ്റി എന്ന് കണ്ടെത്താനാണ് ശ്രമിക്കുന്നതെന്ന് ഇ ഡി പറയുന്നു. ഇന്നലെ അറസ്റ്റിലായ കരുവന്നൂർ ബാങ്ക് മുൻ അക്കൗണ്ടന്‍റ് സി കെ ജിൽസ് 5 കോടി ആറ് ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് കണ്ടെത്തൽ. ബാങ്കിലെ മൂന്ന് സി ക്ലാസ് മെമ്പർമാരുടെ പേരിലും സ്വന്തം പിതാവിന്‍റെയും ഭാര്യയുടെയും പേരിലുമുളള ഭൂമി ഉയർന്ന തുകയ്ക്ക് ഈട് നൽകി ഒരേ സമയം പല ലോണുകൾ നേടിയെന്നും കണ്ടെത്തിയിട്ടുണ്ട്.