തൃശ്ശൂർ : കരുവന്നൂർ കേസിലെ ഇഡി കുറ്റപത്രം രാഷ്ട്രീയ പ്രേരിതമെന്ന് എ.സി മൊയ്ദീൻ. മാധ്യമങ്ങളിൽ നിന്നാണ് കുറ്റപത്രത്തിൽ പേരുണ്ടെന്ന വിവരമറഞ്ഞത്. ഭരണകക്ഷിക്ക് വേണ്ടി നിലകൊള്ളുന്ന അന്വേഷണ ഏജൻസിയാണ് ഇ.ഡി. എങ്ങനെയാണ് ഇ.ഡി കേസുകൾ കൈകാര്യം ചെയ്യുന്നതെന്ന് രാജ്യം കണ്ടതുമാണ്. പ്രത്യേകിച്ച് കേരളത്തിൽ, ഇഡിയുടെ രീതി എല്ലാവർക്കും വ്യക്തമാണെന്നും എസി മൊയ്തീൻ ആരോപിച്ചു. തിരഞ്ഞെടുപ്പുകൾ വരാൻ പോകുന്ന വേളയിലെ ഇഡി കുറ്റപത്രം രാഷ്ട്രീയ പ്രേരിതമാണെന്ന വാദം മൊയ്തീൻ ഉയർത്തുന്നു. നിലമ്പൂർ തെരഞ്ഞെടുപ്പ് സമയത്ത് കുറ്റപത്രം സമർപ്പിച്ചത് ഗൂഡാലോചനയുടെ ഭാഗമാണെന്ന് മൊയ്തീൻ ആരോപിച്ചു. ഇതിലൂടെ രാഷ്ട്രീയ ലാഭങ്ങൾ ഉണ്ടാക്കാൻ സാധിക്കുമെന്നാകും കേന്ദ്ര സർക്കാർ ഉൾപ്പടെയുള്ളവർ കരുതുന്നത്.
പാർട്ടിക്കും സർക്കാരിനും പക്ഷേ ഒരു ചുക്കും സംഭവിക്കില്ല. കരുവന്നൂർ ബാങ്കിൽ സാങ്കേതിക ക്രമക്കേടുകൾ നടന്നിട്ടില്ലെന്ന് പറയുന്നില്ല. പക്ഷേ അതിൽ പാർട്ടിക്ക് പങ്കില്ലെന്നാണ് പറയുന്നത്. ഒന്നാം പ്രതിയാക്കേണ്ട ആളെ മാപ്പ് സാക്ഷിയാക്കിയത് ഇഡിയാണ്. പാർട്ടി എല്ലാം നടപടിയും എടുത്തതാണെന്നും എസി മൊയ്തീൻ ചൂണ്ടിക്കാട്ടി. ഇലക്ട്രൽ ബോണ്ടുകൾ മേടിക്കുന്ന പാർട്ടിയല്ല സിപിഎം. അതിനെതിരെയാണ് പാർട്ടി നിലകൊണ്ടിട്ടുള്ളത്. ബിജെപിയുടെ രാഷ്ട്രീയ ലാഭത്തിനായുള്ള ആയുധമായി ഇ.ഡി മാറിയിരിക്കുകയാണെന്നും എസി മെയ്തീൻ ആരോപിച്ചു. എനിക്ക് റോഷനെയും എം.എസ് വർഗീസിനെയും അറിയില്ല. ഞാനും ഇവരെ കുറെ അന്വേഷിച്ച് നടന്നതാണ്. മൊഴിയെടുപ്പിലും ഇത് ആവർത്തിച്ചതാണ്. അറിയാത്തവരെ കുറിച്ച് ഞാൻ എങ്ങനെ സംസാരിക്കുമെന്നും മൊയ്തീൻ ചോദിച്ചു.