തിരുവനന്തപുരം: പാവപ്പെട്ടവർ വിശ്വസിച്ച് നിക്ഷേപിച്ച പണം തട്ടിപ്പ് നടത്തി വകമാറ്റി പ്രതിസന്ധിയിലായ കരുവന്നൂർ സഹകരണ ബാങ്കിനെ വെട്ടിലാക്കി റബ്കോയുടെ വായ്‌പ. കരുവന്നൂർ ബാങ്കിൽ നിന്ന് റബ്കോ സ്ഥിര നിക്ഷേപമായി സ്വീകരിച്ച 1.2 കോടി രൂപ ഇതുവരെയും തിരിച്ചടിച്ചിട്ടില്ല. പലിശപോലും അടക്കാതായതോടെ തുക മുതലും പലിശയും ചേർത്ത് 7.57 കോടി കടന്നു. ഓഡിറ്റ് പൂർത്തീകരിച്ച 2022-23 വർഷത്തെ കണക്കാണിത്. അടുത്ത ഓഡിറ്റിനുളള സമയം പിന്നിട്ടതിനാൽ ഇപ്പോൾ കണക്കാക്കിയാൽ കരുവന്നൂർ ബാങ്കിലെ റബ്കോയുടെ വായ്‌പ ഇതിലും കൂടാൻ സാധ്യതയുണ്ട്. തിരിച്ചടവില്ലാത്തത് സി.പി.എം നിയന്ത്രണത്തിലുളള സഹകരണ സ്ഥാപനങ്ങളിൽ നിന്നായതിനാൽ ആർക്കും പരാതിയില്ല. എന്നാൽ പാവപ്പെട്ട നിക്ഷേപകർക്ക് മുതലും പലിശയും തിരിച്ച് കൊടുക്കാൻ ആകാതെ വരുമ്പോഴാണ് വായ്‌പാ ബാധ്യത പുറത്തു വരുന്നത്.
നിയമ സഭയിൽ സി.ആർ.മഹേഷ് എം.എൽ.എയുടെ ചോദ്യത്തിന് സഹകരണ മന്ത്രി വി.എൻ. വാസവൻ രേഖാമൂലം നൽകിയ മറുപടിയിലാണ് കരൂവന്നൂരിലെ റബ്കോ വായ്‌പാ ബാധ്യത വെളിപ്പെട്ടത്. 2001 മുതൽ 2004 വരെയുളള കാലത്താണ് കരുവന്നൂർ സഹകരണ ബാങ്കിൽ നിന്ന് റബ്കോ 1.2 കോടി രൂപ സ്ഥിര നിക്ഷേപം സ്വീകരിച്ചത്. വായ്‌പ സ്വീകരിച്ചത് അല്ലാതെ മുതലോ പലിശയോ തിരിച്ചടക്കുന്നില്ല. അതാണ് കരുവന്നൂരിലെ ബാധ്യത മാത്രം 7,57,47,837 കോടി രൂപയായി ഉയരാൻ കാരണം.മന്ത്രിയാകുന്നതിന് മുൻപ് വി.എൻ. വാസവൻ റബ്കോയുടെ ഡയറക്ടർ ആയി പ്രവർത്തിച്ചിട്ടുണ്ട്. അക്കാലത്ത് കോട്ടയം ജില്ല സഹകരണ ബാങ്കിൽ നിന്ന് 150 കോടി രൂപയോളം വായ്പ എടുത്തിരുന്നു. തിരിച്ചടവ് മുടങ്ങിയതോടെ റബ്കോ വായ്പ ബാങ്കിൻറെ നിഷ്ക്രിയ ആസ്ഥിയായി മാറി.
നിഷ്ക്രിയാസ്ഥി പെരുകിയതോടെ കോട്ടയം ജില്ലാ ബാങ്കും പ്രതിസന്ധിയിലായി. കിട്ടാക്കടം പെരുകിയത് ചൂണ്ടിക്കാട്ടി കാർഷിക വായ്പക്ക് വേണ്ടി പണം അനുവദിക്കുന്നത് നബാർഡ് തടഞ്ഞു.വി.എസ് സർക്കാരിൻെറ കാലത്തായിരുന്നതിനാൽ സംസ്ഥാന സഹകരണ ബാങ്കും മറ്റും ഇടപെട്ടാണ് പ്രശ്‌നത്തിന് ഒരു പരിധിവരെ പരിഹാരം കണ്ടെത്തിയത്.ഓഡിറ്റ് പൂർത്തീകരിച്ച 2022-23 സാമ്പത്തിക വർഷത്തെ കണക്ക് അനുസരിച്ച് റബ്കോയുടെ കട ബാധ്യത 292,80,07,500 രൂപയാണ്. ബാധ്യത പെരുകുകയും അത് മറ്റ് ധനകാര്യ സ്ഥാപനങ്ങളെ കൂടി പ്രതിസന്ധിയിലാക്കുകയും ചെയ്തിരിക്കുന്നു എന്നതാണ് ഇതിൻെറ ഫലം
സി.പി.എം നിയന്ത്രിത സഹകരണ സ്ഥാപനമായതിനാൽ സർക്കാർ സഹായം നൽകാൻ സാധ്യതയുണ്ട്. കടബാധ്യത കുറയ്ക്കാനായി റബ്കോയ്ക്ക് സർക്കാർ സഹായം ഒന്നും നൽകിയിട്ടില്ലെന്നാണ് സഹകരണ മന്ത്രി നിയമസഭയെ അറിയിച്ചിരിക്കുന്നത്.കടക്കെണിയിൽപ്പെട്ട് ഉഴലുന്ന റബ്കോയുടെ പുനരുദ്ധാരണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പഠനം നടത്താൻ കോഴിക്കോട്ടെ ഇൻഡ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറിനെ നിയോഗിച്ചിട്ടുണ്ട്. ഒന്നാം ഘട്ട പഠനം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിച്ചു. എന്നാൽ റിപ്പോർട്ടിലെ നിർദ്ദേശങ്ങൾ പ്രകാരം നടപടി സ്വീകരിച്ചതായി അറിവില്ല.