തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസിലേക്കു (കെഎഎസ്) മുഖ്യ പരീക്ഷ നാളെ മുതല്‍. 19 കേന്ദ്രങ്ങളിലായി മൂവായിരത്തിലധികം ഉദ്യാഗാര്‍ഥികളാണ് പിഎസ്‌സി നടത്തുന്ന മെയിന്‍ പരീക്ഷ എഴുതുന്നത്. രണ്ട് ദിവസങ്ങളിലായാണ് പരീക്ഷ. 20ന് രാവിലെ 9.30 മുതല്‍ 12 വരെ ആദ്യ സെഷനും 1.30 മുതല്‍ നാലുവരെ രണ്ടാം സെഷനും നടക്കും. 21ന് രാവിലെ 9.30 മുതല്‍ 12വരെയാണ് അവസാന സെഷന്‍.
മെയിന്‍ പരീക്ഷയ്ക്ക് യോഗ്യത നേടിയവര്‍ക്ക് അവരുടെ പ്രൊഫൈലില്‍ അഡ്മിഷന്‍ ടിക്കറ്റ് ലഭ്യമാക്കിയിട്ടുണ്ട്. പരീക്ഷ ആരംഭിച്ച ശേഷം പരീക്ഷകേന്ദ്രത്തിലേക്ക് പ്രവേശിക്കുവാന്‍ ഉദ്യോഗാര്‍ഥികളെ അനുവദിക്കില്ല. പരീക്ഷാകേന്ദ്രത്തില്‍ നിശ്ചിതസമയം കഴിഞ്ഞ് വൈകി എത്തുന്ന സാഹചര്യം ഒഴിവാക്കാന്‍ ഉദ്യോഗാര്‍ഥികള്‍ പ്രക്യേകം ശ്രദ്ധിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.
അഡ്മിഷന്‍ ടിക്കറ്റ്, അസ്സല്‍ തിരിച്ചറിയല്‍ രേഖ, നീലയോ കറുപ്പോ ബാള്‍പോയിന്റ് പേന എന്നിവ മാത്രമേ പരീക്ഷാഹാളില്‍ കൊണ്ടുപോകാനാകൂ. പരീക്ഷ ആരംഭിച്ചശേഷം പ്രവേശനം അനുവദിക്കില്ല. നിരീക്ഷണത്തിനായി ഉയര്‍ന്ന ഉദ്യോഗസ്ഥരടങ്ങിയ പ്രത്യേക സ്ക്വാഡ് രൂപീകരിച്ചു. ഉത്തരക്കടലാസ് ഓണ്‍സ്ക്രീന്‍ മാര്‍ക്കിങ് മുഖേന മൂല്യനിര്‍ണയം നടത്തുന്നതിനാല്‍ ഉദ്യോഗാര്‍ഥികള്‍ക്കുള്ള പ്രത്യേക നിര്‍ദേശങ്ങള്‍ പിഎസ്‌സി വെബ്സൈറ്റിലും ഉദ്യോഗാര്‍ഥികളുടെ പ്രൊഫൈലിലും നല്‍കിയിട്ടുണ്ട്.
ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്കും കോവിഡ് സ്ഥിരീകരിച്ചവര്‍ക്കും പരീക്ഷാകേന്ദ്രത്തില്‍ പ്രത്യേക മുറികളില്‍ സൗകര്യമൊരുക്കും. കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണം. സാനിറ്റൈസര്‍, കുടിവെള്ളം എന്നിവ സുതാര്യമായ കുപ്പികളില്‍ കരുതാം. വാച്ച്, മൊബൈല്‍ ഫോണ്‍, ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ തുടങ്ങിയവ പരീക്ഷാഹാളില്‍ അനുവദിക്കില്ല.