കാസര്‍കോട് : യു ഡി എഫ് നേതൃത്വം സീറ്റ് നല്‍കാതെ അവഗണിച്ചെന്ന് ആരോപിച്ച് കാസര്‍കോട് ജില്ലയില്‍ കേരള കോണ്‍ഗ്രസ് പി ജെ ജോസഫ് വിഭാഗം ഒറ്റക്ക് മത്സരിക്കാന്‍ ഒരുങ്ങുന്നു. ജില്ലയില്‍ സീറ്റ് വിഭജനം നടത്തിയപ്പോള്‍ സിറ്റിംഗ് സീറ്റുകള്‍ പോലും നല്‍കാന്‍ കോണ്‍ഗ്രസും ലീഗും തയ്യാറായിട്ടില്ല. അവര്‍ രണ്ട് പേരും വല്ല്യേട്ടന്‍ കളിക്കുകയാണ്. മുന്നണിയുടെ അവഗണനയെ തുടര്‍ന്നാണ് ഒറ്റക്ക് മത്സരിക്കാന്‍ തീരുമാനിച്ചതെന്ന് ജില്ലാ പ്രസിഡന്റ് ജെറ്റോ ജോസഫ് പറഞ്ഞു.
പാര്‍ട്ടി ചെയര്‍മാന്‍ പി ജെ ജോസഫിനെ മത്സരിക്കുന്ന വിവരം അറിയിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ അനുവാദത്തോടെയാണ് മത്സരിക്കുന്നത്. എന്നാല്‍ എല്‍ ഡി എഫുമായി ഒരു നീക്കുപോക്കും ഉണ്ടാക്കില്ല. മത്സരിക്കുന്ന സീറ്റുകള്‍ സംബന്ധിച്ച് ഉടന്‍ പ്രഖ്യാപനം നടത്തുമെന്നും അദ്ദേഹം അറിയിച്ചു.