കാസര്‍ഗോഡ് : കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് തദ്ദേശ തെരഞ്ഞെടുപ്പ് നടത്താനുള്ള ഒരുക്കങ്ങള്‍ തയാറായതായി കാസര്‍ഗോഡ് ജില്ലാ ഭരണകൂടം. ബാലറ്റ് യൂണിറ്റുകളെല്ലാം കമ്മീഷന്‍ നടത്തി വിതരണത്തിന് സജ്ജമായിക്കഴിഞ്ഞു. ഇതര സംസ്ഥാനങ്ങളില്‍ നിന്നും വോട്ടര്‍മാര്‍ എത്തുന്നതിനാല്‍ അതിര്‍ത്തി കടന്നെത്തുന്നവര്‍ പരിശോധനകള്‍ക്ക് വിധേയരാകണമെന്ന് ജില്ലാ കളക്ടര്‍ സജിത് ബാബു അഭ്യര്‍ഥിച്ചു. തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള ജനപ്രതിനിധികളെ തെരഞ്ഞെടുക്കാന്‍ ജില്ലയിലെ 10,48,566 വോട്ടര്‍മാരാണ് വോട്ടെടുപ്പ് പ്രക്രിയയുടെ ഭാഗമാകുക. നഗരസഭ ഗ്രാമ ബ്ലോക്ക് ജില്ലാ പഞ്ചായത്ത് തലങ്ങളിലായി 2648 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്.
വോട്ടെടുപ്പിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി. ആറ് ബ്ലോക്കുകളിലായാണ് തെരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണവും വോട്ടെണ്ണലും നടക്കുക. പോളിംഗിനായി 122 സിംഗിള്‍ പോസ്റ്റ് വോട്ടിംഗ് യന്ത്രങ്ങളും 1287 മള്‍ട്ടി പോസ്റ്റ് വോട്ടിംഗ് യന്ത്രങ്ങളുമാണ് ആവശ്യമായിട്ടുള്ളത്. 18 നോഡല്‍ ഓഫീസര്‍മാരുടെ നേതൃത്വത്തിലാണ് തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍. കൊവിഡ് ബാധിതരും ക്വാറന്റീനില്‍ ഉള്ളവരുമായ 2578 വോട്ടര്‍മാരുണ്ട്. ഇവരില്‍ 1077 പേര്‍ക്ക് ഇതിനകം സ്പെഷ്യല്‍ പോസ്റ്റര്‍ ബാലറ്റ് വിതരണം ചെയ്തു.
സുരക്ഷാ നടപടികളുടെ ഭാഗമായി വിവിധ സ്ഥലങ്ങളില്‍ പോലീസ് റൂട്ട് മാര്‍ച്ച് നടത്തി. 10 ഡിവൈഎസ്പിമാരുടെ നേതൃത്വത്തിലാണ് പോലീസ് സേനയെ വിന്യസിക്കുന്നത്. ജില്ലയില്‍ ആകെ 84 ക്രിട്ടിക്കല്‍ ബൂത്തുകളും, 43 വള്‍നറബിള്‍ ബൂത്തുകളും എട്ട് മാവോയിസ്റ്റ് സാന്നിധ്യമുള്ള ബൂത്തുകളുമുണ്ട്. ഇവിടങ്ങളില്‍ വെബ് കാസ്റ്റിംഗ് സംവിധാനമൊരുക്കും. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശിച്ച 99 ബൂത്തുകളിലും സ്ഥാനാര്‍ഥികള്‍ ആവശ്യപ്പെട്ട 134 ബൂത്തുകളുമടക്കം 256 ബൂത്തുകളില്‍ വീഡിയോ ഗ്രാഫി സംവിധാനമേര്‍പ്പെടുത്തിയിട്ടുണ്ടെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.