സഞ്ചാരികൾ കാത്തിരുന്ന മഞ്ഞുകാലമാണ് കാശ്മീരിൽ ഇപ്പോൾ. പർവ്വതങ്ങളെ പൊതിഞ്ഞു നിൽക്കുന്ന മഞ്ഞ്, വഴി മൂടിക്കിടക്കുന്ന മഞ്ഞ്, മരങ്ങളുടെ പച്ചപ്പിനെ മറച്ചു വീണുകിടക്കുന്ന മഞ്ഞ്. ഇങ്ങനെ എവിടെ നോക്കിയാലും മഞ്ഞു മാത്രം. ഈ കാഴ്ചകൾ കാണാനായി രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നും സഞ്ചാരികൾ എത്തുന്ന സമയത്ത് കാണേണ്ട കാഴ്ചകൾ നിരവധിയുണ്ട്. ഇപ്പോഴിതാ കാശ്മീരിൽ എത്തുന്ന സഞ്ചാരികൾക്കായി കൂടുതൽ സ്ഥലങ്ങള്‍ തുറക്കാനുള്ള തയ്യാറെടുപ്പിലാണ് ജമ്മു കശ്മീർ ഭരണകൂടം. ശൈത്യകാലത്ത് പതിന്മടങ്ങ് മനോഹരമാകുന്ന ഇടങ്ങൾ സഞ്ചാരികൾക്കായി തുറന്ന് കാശ്മീര്‍ യാത്ര ഒരിക്കലും മറക്കാനാവാത്ത ഒരു യാത്രാനുഭവമാക്കി മാറ്റിയെടുക്കുക എന്ന ലക്ഷ്യത്തിലാണിത്.
നേരത്തെ സഞ്ചാരികൾക്ക് പ്രവേശനമില്ലാതിരുന്ന തുറന്നു കൊടുക്കാത്ത നിരവധി സ്ഥലങ്ങൾ സന്ദർശകർക്കായി തുറന്നു നല്കാനുള്ള പദ്ധതികളാണ് ഒരുങ്ങുന്നത്. നിയന്ത്രണ രേഖയ്ക്ക് സമീപമുള്ള വടക്കൻ കശ്മീരിലെ ഗുരെസ്, ലോലാബ്, ബംഗസ് എന്നിവയുൾപ്പെടെ മഞ്ഞുവീഴ്ചയുള്ള സ്ഥലങ്ങളുടെ ആകർഷകമായ പ്രകൃതിദൃശ്യങ്ങൾ പര്യവേക്ഷണം ചെയ്യാൻ വിനോദസഞ്ചാരികളെ പ്രോത്സാഹിപ്പിക്കുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ശീതകാല ടൂറിസത്തിൽ പേരുകേട്ട ഇടങ്ങൾക്കു പുറമേ പുതിയതായി വരുന്ന വിനോദസഞ്ചാര കേന്ദ്രങ്ങൾ കൂടി ഉൾപ്പെടുത്തി സഞ്ചാരികളെ കാശ്മീരിന്റെ കൂടൂതല്‍ കാഴ്ചകൾ കാണിക്കുക എന്നതും ഇതിനു പിന്നിലുണ്ട്. ഗുരെസും മറ്റ് പ്രദേശങ്ങളും പോലുള്ള ഈ സ്ഥലങ്ങൾ സാഹസിക യാത്രക്കാർക്കായി പുതിയ സ്കീയിംഗ് ഹോട്ട്‌സ്‌പോട്ടുകളായി പ്രമോട്ട് ചെയ്യപ്പെടും. എല്ലാ സീസണിലും സന്ദർശിക്കുവാൻ കഴിയുന്ന വിധത്തിൽ കാശ്മീരിലെ സ്ഥലങ്ങളെ മാറ്റിയെടുക്കുകയാണ് ലക്ഷ്യം.
ഗുൽമാർഗും പഹൽഗാമും പോലെയുള്ള സ്ഥലങ്ങൾ ഇതിനകം തന്നെ പ്രശസ്തമാണ്. കഴിഞ്ഞ വർഷത്തേതിന് സമാനമായി ബാംഗസ്, അത്‌വാറ്റൂ, സരുന്ദർ തുടങ്ങിയ വിവിധ സ്ഥലങ്ങളിൽ നിരവധി ശൈത്യകാല കാർണിവലുകൾ സംഘടിപ്പിച്ചു. കാശ്മീരിലെ അറിയപ്പെടാത്ത നാടുകൾ പേരുകേട്ട സ്ഥലങ്ങൾ കൂടാതെ കാശ്മീരൽ വളരെ കുറച്ച് സഞ്ചാരികള എത്തിച്ചേരുന്ന നിരവധി ഇടങ്ങളും ഉണ്ട്. കാശ്മീരിന്‍റെ രഹസ്യതാഴ്വരെയെന്ന് അറിയപ്പെടുന്ന ഗുരെസ് വാലി, സമുദ്രനിരപ്പില്‍ നിന്നും 8957 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ദൂത്പത്രി, കാശ്മീരിലെ ഏറ്റവം വലിയ താഴ്വരകളിലൊന്നായ ലോലബ് വാലി, അനന്തനാഗ് ജില്ലയിൽ സ്ഥിതി ചെയ്യുന്ന കോകർനാഗ് ഇങ്ങനെ പോകുന്നു അവ. കാശ്മീരിലെ തണുപ്പുകാലം എന്നത് വളരെ വെല്ലുവിളികൾ നിറഞ്ഞ ഒന്നാണ്. പുറത്തിറങ്ങാന് പോലും സൗകര്യം ചിലപ്പോൾ മഞ്ഞുവീഴ്ചയിൽ കിട്ടിയില്ലെന്നു വരും. എന്നിരുന്നാലും ഈ സീസണിൽ ഈ പ്രദേശത്തിന്‍റെ മാജിക് കാണാനായി മാത്രം ആളുകൾ ഇവിടേക്ക് ഒഴുകി എത്തുന്നുണ്ട്.